രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിക്കുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും ഓരോ കായികതാരങ്ങൾക്കും ലഭിക്കുക. വാഗ്ദാനങ്ങൾക്ക് അപ്പുറം ഈ വാക്കുകൾ പ്രാവർത്തികമാകുന്നുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ കുശ്ബീർ കൗറിന്റെ വീട്ടിലേക്ക് വന്നാൽ മതി, വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാകും.

ഏഷ്യൻ ഗെയിംസിൽ റേസ് വാക്കിങ്ങിലാണ് കുശ്ബീർ വെള്ളിമെഡൽ നേടിയത്. മെഡലുമായി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അമൃത്സറിലെ ഖൽസ കോളേജ് അധികൃതർ കുശ്ബീറിന്റെ റസുൽപ്പുർ കാലനിലുള്ള വീട് നന്നാക്കാൻ അഞ്ചുലക്ഷം രൂപ നൽകാമെന്നേറ്റു. ഈ വാക്ക് വിശ്വസിച്ച വീട്ടുകാർ മൂന്ന് മുറികളുള്ള വീട് പൊളിച്ച് അഞ്ചുലക്ഷം രൂപയ്ക്കായി കാത്തിരുന്നു. ഇപ്പോൾ ആറുമാസം പിന്നിടുന്നു. പൊളിച്ച വീടിനോട് ചേർന്ന് പണിത കാലിത്തൊഴുത്ത് പോലുള്ള വീട്ടിലാണ് കുശ്ബീറും കുടുംബവും ഇപ്പോൾ അന്തിയുറങ്ങുന്നത്.

തന്നെ വഞ്ചിച്ചത് ഖൽസ കോളേജ് പ്രിൻസിപ്പൽ സുഖ്ബീർ കൗർ മഹലാണെന്ന് കുശ്ബീർ പറയുന്നു. അമ്മയും മൂനത്ത സഹോദരിയും സഹോദരനും ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് താമസിക്കുന്നതെന്ന് പലവട്ടം അറിയിച്ചിട്ടും സുഖ്ബീർ കൗർ അത് ചെവിക്കൊള്ളുന്നില്ല. എന്നാൽ, കുശ്ബീറിന്റെ വാദം ശരിയല്ലെന്ന് പ്രിൻസിപ്പൽ പറയുന്നു.

വീടുനന്നാക്കുന്നതിന് ഒരു കോൺട്രാക്ടറെ പലവട്ടം അയച്ചിരുന്നെങ്കിലും പണിയുമായി വീട്ടുകാർ സഹകരിക്കുന്നില്ലെന്നാണ് സുഖ്ബീറിന്റെ വാദം. പണം നൽകിയാൽ മതി, പണി തങ്ങൾ ചെയ്യിച്ചോളാം എന്നാണ് വീട്ടുകാരുടെ വാദം. എന്നാൽ, പണമായിട്ട് നൽകാനാവില്ലെന്ന് അറിയിച്ചതായും പ്രിൻസിപ്പൽ പറയുന്നു. വീടിന്റെ പ്ലാൻ കുശ്ബീറിന് അയച്ചുകൊടുത്തതായും അത് ഇതേവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നും അവർ പറയുന്നു.

വിദേശ പരിശീലനം ലഭിക്കുന്നതിനായി പോർച്ചുഗലിലാണ് കുശ്ബീർ ഇപ്പോൾ. എന്നാൽ, അമ്മയും രണ്ടു സഹോദരങ്ങളും വീട്ടിൽ നരകിക്കുന്നതുകാണുമ്പോൾ കുശ്ബീറിന്റെ മനസ്സിന് താങ്ങാനാവുന്നില്ല. തനിക്ക് പ്രിൻസിപ്പലിൽനിന്ന് ഇതേവരെ ഒരു കത്തുപോലും ലഭിച്ചിട്ടില്ലെന്ന് കുശ്ബീർ പറയുന്നു. തന്റെ ഗ്രാമത്തിലെത്തി വീട്ടുകാർ എങ്ങനെയാണ് താമസിക്കുന്നതെന്ന് കാണാൻ കുശ്ബീർ പ്രിൻസിപ്പലനോട് അഭ്യർത്ഥിക്കുന്നു.