- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനിയുടെ തീരുമാനം നിരാശജനകമെന്ന് കമൽഹാസൻ; വേദനാജനകമെന്ന കുറിപ്പുമായി ഖുശ്ബുവും; സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പിന്മാറ്റം തമിഴകത്ത് ചർച്ചയാകുന്നത് ഇങ്ങനെ
ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്നും പിന്മാറിയ സംഭവത്തിൽ പ്രതികരണവുമായി കമൽഹാസനും ഖുശ്ബുവും. രജനീകാന്തിന്റെ നടപടി നിരാശജനകമെന്ന് കമൽഹാസൻ പ്രതികരിച്ചപ്പോൾ വേദനാജനകമെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. രാഷ്ട്രീയ പാർട്ടി തീരുമാനത്തിൽ നിന്ന് പിന്മാറിയ രജനിയുടെ തീരുമാനം നിരാശജനകമാണ്. ചെന്നൈയിൽ എത്തിയാൽ ഉടൻ രജനീകാന്തിനെ കാണുമെന്നും കമൽ പറഞ്ഞു.
തമിഴരുടെ ഹൃദയം തകർക്കുന്ന തീരുമാനമാണ് രജനി സാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഖുശ്ബു പറഞ്ഞു. താങ്കളുടെ ആരോഗ്യമാണ് പ്രധാനം. നിങ്ങൾ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പം നിൽക്കുമെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ രജനീകാന്ത് അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്നും നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്നും താരം ട്വിറ്ററിൽ കുറിച്ചു. വാക്ക് പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ടെന്നും വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലം പിന്മാറുന്നുവെന്നും താരം ട്വീറ്റിൽ പറയുന്നു. തന്നെ വിശ്വസിച്ച് രാഷ്ട്രീയ രംഗത്ത് ഇറങ്ങിയ പ്രവർത്തകർ നിരാശരാകരുതെന്നും രജനീകാന്ത് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും രജനീകാന്ത് പറഞ്ഞു.
കടുത്ത രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ രജനീകാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ 'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്മസ് ദിനത്തിലായിരുന്നു രക്ത സമ്മർദ്ദത്തിലെ വ്യതിയാനം മൂലം രജനികാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അണ്ണാത്തെയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് രജനികാന്ത് നിരീക്ഷണത്തിൽ പോയിരിക്കുകയായിരുന്നു.
രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ജനുവരിയിൽ സജീവ പ്രവർത്തനം തുടങ്ങുമെന്നും തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കുന്ന പാർട്ടി എന്നർഥം വരുന്ന മക്കൾ സേവൈ കച്ചി എന്ന പേരിലാണ് രജനീകാന്ത് പാർട്ടി രൂപീകരിക്കുകയെന്ന് മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം പാർട്ടി രജിസ്റ്റർ ചെയ്തതെങ്കിലും മക്കൾ സേവൈ കച്ചി എന്ന പേരിൽ പൊതുരംഗത്ത് സജീവമാകാതാരം നീക്കം നടത്തുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
ഡിസംബർ മാസം 31ന് തന്നെ രാഷ്ട്രീയപാർട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. 2021 മുതൽ പാർട്ടിപ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആർഎസ്എസ് വഴി ബിജെപി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് താരം ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മണ്ഡ്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.
തമിഴ്നാട്ടിൽ, ഡിഎംകെയുടെ വോട്ടുബാങ്ക് പിളർത്താൻ അടക്കം ഉദ്ദേശിച്ച് ബിജെപി കടുത്ത സമ്മർദ്ദമാണ് രാഷ്ട്രീയപ്രവേശനത്തിനായി രജനീകാന്തിന് മേൽ ചെലുത്തിയത്. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ്, തീരുമാനത്തിൽ നിന്ന് താരം പിന്മാറുമ്പോൾ, അത് ബിജെപിക്കും സംഘപരിവാറിനും തന്നെയാണ് തിരിച്ചടിയാകുന്നത്. താരത്തിന്റെ തന്നെ, അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയപ്രഖ്യാപനങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി.
മറുനാടന് ഡെസ്ക്