ചാലക്കുടി: അച്ഛന്റെ വിയോഗം പകർന്ന വേദനയിലും എല്ലാം ഉള്ളിലൊതുക്കി പരീക്ഷയെഴുതാൻ എത്തിയ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്കു നടി ഖുശ്‌ബുവിന്റെ അഭിനന്ദനം. മനസുകൊണ്ട് ഏറെ കരുത്താർജിച്ചവളാണു ശ്രീലക്ഷ്മിയെന്നു ഖുശ്‌ബു പറഞ്ഞു.

ട്വിറ്ററിലാണു ഖുശ്‌ബുവിന്റെ പ്രതികരണം വന്നത്. മണി മരിച്ചു ദിവസങ്ങൾ പിന്നിടും മുമ്പ് പരീക്ഷാഹാളിലേക്കു ശ്രീലക്ഷ്മി പോയി. ആ മനോധൈര്യത്തെ കൂട്ടുകാരികളും അദ്ധ്യാപകരും സ്‌നേഹത്തോടെ ചേർത്തുപിടിക്കുകയായിരുന്നു.

ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഖുശ്‌ബു ട്വിറ്ററിലൂടെ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചത്. 'അച്ഛന്റെ വേർപാട് കഴിഞ്ഞ അടുത്ത ദിവസം ആ മകൾ പരീക്ഷ എഴുതി. മാനസികമായി കരുത്തുറ്റ പെൺകുട്ടിയാണ് ശ്രീലക്ഷ്മി. അഭിനന്ദനം' ഖുശ്‌ബു ട്വീറ്റ് ചെയ്തു.

ആകസ്മികമായുണ്ടായ അച്ഛന്റെ മരണത്തിന്റെ മൂന്നാം നാളിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനാണ് ശ്രീലക്ഷ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിലെത്തിയത്. അച്ഛൻ ഒപ്പമില്ലെന്ന യാഥാർഥ്യത്തിനു മുന്നിൽ കണ്ണീരോടെയാണ് മകൾ പരീക്ഷയെഴുതിയത്. കണ്ണീരോടെയാണ് ശ്രീലക്ഷ്മി ഓരോ വരിയും എഴുതിയതെന്ന് കൂട്ടുകാരും അദ്ധ്യാപകരും പറയുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.

മണിക്കൊപ്പം പല പരിപാടികളിലും ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. ചില കാസറ്റുകളിൽ പാടിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയേറ്റർ നിറഞ്ഞോടുമ്പോഴാണ് മകൾ പിറന്നത്. ഇതിന്റെ ഓർമയിലാണ് ശ്രീലക്ഷ്മി എന്നു മകൾക്കു മണി പേരിട്ടത്.