കോട്ടയം: അഴിമതിക്കെതിരെ പോരാടുമെന്ന് പറയുമ്പോഴും കൺമുമ്പിലെ പച്ചയായ അഴിമതിയെ കണ്ടില്ലെന്ന് നടിക്കാൻ മലയാളികൾക്ക് നല്ല മിടുക്കാണ്. നമ്മുടെ നാട്ടിൽ സർക്കാർ ഏറ്റെടുത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പേരിൽ മന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെ പച്ചക്ക് കമ്മീഷൻ അടിക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതുമാണ്. ഇങ്ങനെ കമ്മീഷനെന്ന ഓമന പേരിൽ അഴിമതി നടത്തിവന്ന നേതാക്കൾക്ക് ഒന്നിനു പിറകേ മറ്റൊന്നായി പണി കിട്ടിയിരിക്കയാണ്. ബാർകോഴ കേസിന്റെ ആഘാതവും സരിതയുടെ കത്തിനെ ചൊല്ലിയുള്ള വിവാദവും കൊഴുക്കുന്നതിനിടെ ജോസ് കെ മാണി എം പിക്കാണ് വീണ്ടും സോഷ്യൽ മീഡിയ പണി കൊടുത്തത്. കോട്ടയം എംപി സ്വന്തം മണ്ഡലത്തിൽ വികസന പ്രവർത്തനത്തിന്റെ ഭാഗമായി അനുവദിച്ച ബസ് വെയ്റ്റിങ് ഷെഡ്ഡാണ് ഇപ്പോഴത്തെ ശരിക്കുള്ള താരം.

ജോസ് കെ മാണിയുടെ എംപി ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് കിടങ്ങൂർ ജംഗ്ഷനിൽ സ്ഥാപിച്ച വെയ്റ്റിങ് ഷെഡ്ഡാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാ വിഷയമായി മാറിയത്. ജോസ് കെ മാണിയും അഴിമതിക്കാരനാണെന്ന് ചൂണ്ടിക്കൊണ്ടാണ് ബസ് വെയ്റ്റിങ് ഷെഡ്ഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്ത് ലക്ഷം രൂപയ്ക്ക് അത്യാവശ്യം ആഢംബരങ്ങളോട് ഒരു വീട് തന്നെ നിർമ്മിക്കാമെന്നിരിക്കേ എങ്ങനെയാണ് പത്ത് ലക്ഷം രൂപ ഒരു ഷെഡ്ഡിന് ചെലവായതെന്നതാണ് പ്രധാന ചോദ്യം. ഒരു നോട്ടത്തിൽ തന്നെ അഴിമതി വ്യക്തമാണെന്നും ചിത്രം കണ്ടവർ ഒരേ ശബ്ദത്തിൽ പറയുന്നു. ഇതോടെ ജോസ് കെ മാണിയെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളും ഫേസ്‌ബുക്കിൽ വൈറലായി.

 

അഴിമതി കാണിക്കുക മാത്രമല്ല അത് നെറ്റിയിൽ എഴുതി ഒട്ടിച്ചാലും മനസ്സിലാക്കാൻ കഴിവില്ല തങ്ങളുടെ അണികൾക്ക് എന്നുള്ള ഒറപ...

Posted by Manoj D Mannath on Tuesday, April 7, 2015

 

കോട്ടയം സ്വദേശിയായ മനോജ് ഡി മന്നത്ത് ഫേസ്‌ബുക്കിൽ ഇട്ട ചിത്രങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായത്. ഈ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെയാണ്: 'തന്റെ അടുത്ത ബന്ധുവായ സ്ത്രീയാണ് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയ്റ്റിങ് ഷെഡ്ഡിനെ കുറിച്ച് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകയായ അവർ പോലും പത്ത് ലക്ഷത്തിനൊക്കെ ഈ വെയ്റ്റിഗ് ഷെഡ്ഡുണ്ടോ എന്ന് എന്ന് ചോദിച്ചു. ഇവർ പറയുന്നത് കേട്ടാണ് കിടങ്ങൂർ ജംഗ്ഷനിൽ എത്തിയതും ബസ് വെയ്റ്റിങ് ഷെഡ്ഡ് കണ്ടതും. പത്ത് ലക്ഷം ചെലവിട്ട് നിർമ്മിച്ചുവെന്നത് വിശ്വസിക്കാൻ ആർക്കും പ്രയാസമുണ്ടാകും. അതുകൊണ്ടാണ്. ഈ അഴിമതിയുടെ ചിത്രം സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. നഗ്നമായ അഴിമതിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുക എന്ന് മാത്രമായിരുന്നു താൻ ഉദ്ദേശിച്ചത്. ഫേസ്‌ബുക്കിലെ ചിത്രം കണ്ടാണ് നിരവധി പേർ ഇത് പ്രചരിപ്പിച്ചതും'.

മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നീട് പല രൂപത്തിലും ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു. വെയ്റ്റിഗ് ഷെഡ്ഡിന്റെ ഓരോ കാലിനും ഒരുലച്ചം... ഒരു ല്ച്ചം.. എന്ന് പറഞ്ഞ് കളിയാക്കികൊണ്ടുള്ള എഡിറ്റഡ് ചിത്രങ്ങളും ഇതോടെ ഫേസ്‌ബുക്കിൽ വൈറലായി. സരിതയുടെ കത്തിനെ ബന്ധിപ്പിച്ചുകൊണ്ടുള്ളവയാണ് ചില ചിത്രങ്ങൾ. പത്ത് ലക്ഷം രൂപ എങ്ങനെ ബസ് വെറ്റിങ് ഷെഡ്ഡിന് ചെലവായി എന്ന വിശദീകരിക്കുന്നവയാണ് ചില പോസ്റ്റുകൾ.

പത്ത് ലക്ഷം രൂപ ചെലവിട്ട് ഇരുനില കെട്ടിടം പണിയാമല്ലോ എന്ന ചൂണ്ടിയാണ് ചില പോസ്റ്റുകൾ. ഇങ്ങനെ പണിത വീടിന്റെ ദൃശ്യങ്ങൾ സഹിതമാണ് പോസ്റ്റുകൾ. ജോസ് കെ മാണി കോട്ടയം മണ്ഡലത്തിന് വേണ്ടി തേനും പാലും ഒഴുക്കുന്നുവെന്ന് വാദിക്കുന്ന കേരളാ കോൺഗ്രസ് നേതാക്കൾ എവിടെ പോയി എന്ന വിധത്തിലുള്ള കമന്റുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്‌ബുക്കിലെ പ്രധാന തമാശ പേജുകളിലൊക്കെ തന്നെ പത്ത് ലക്ഷത്തിന്റെ ബസ് വെയ്റ്റിങ് ഷെഡ്ഡ് പ്രധാന ചർച്ചയായിട്ടുണ്ട്.