പാലക്കാട്: അർധരാത്രിയിൽ വീട്ടിൽ കയറി സിനിമാ സ്‌റ്റൈൽ തട്ടിക്കൊണ്ട് പോകൽ. ഒടുവിൽ അന്വേഷണം ഊർജിതമാക്കിയതോടെ വാളയാറിൽ നിന്നും ആളെ കണ്ടെടുത്ത് പൊലീസ്. വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ സംഘം തട്ടിക്കൊണ്ട് പോയ പ്ലസ് വൺ വിദ്യാർത്ഥിയേയാണ് ശക്തമായ അന്വേഷണത്തിനൊടുവിൽ വാളയാറിലെ ലോഡ്ജിൽ നിന്നും പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പണമിടപാട് സംഘവുമായി ബന്ധപ്പെട്ട ഗുണ്ടാസംഘത്തിലെ മൂന്നുപേരെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിനെ വട്ടം കറക്കിയ തട്ടിക്കൊണ്ട് പോകലിന്റെ കഥയങ്ങനെ. രാത്രി എട്ടരയോടെ കഞ്ചിക്കോട് ചടയൻകാലായിലാണ് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. കാറിലെത്തിയ നാലംഗസംഘം ശക്തിനഗറിലെ വാടകവീട്ടിൽ താമസിക്കുന്ന ഹാഡിയുടെ മകനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവസമയത്ത് ഹാഡിയുടെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പണമിടപാടുമായി ബന്ധപ്പെട്ട് ഹാഡിക്ക് ഭീഷണികളുണ്ടായിരുന്നതായി പരാതിയുണ്ട്. മുമ്പ് ഒരുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് കസബ എസ്‌ഐ. റിസ് എം. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ സംഘം വാളയാർ ഭാഗത്തേക്ക് പോയെന്ന വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം അതിർത്തി മേഖലയിലേക്ക് നീണ്ടു.

മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ രാത്രി പതിനൊന്നോടെ വാളയാറിലെ ഒരു സ്വകാര്യ ലോഡ്ജിൽനിന്ന് കുട്ടിയെയും തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുട്ടിക്ക് ചെറിയതോതിൽ മർദനവും ഏറ്റിട്ടുണ്ട്.

പണമിടപാടുമായി ബന്ധപ്പെട്ട വിലപേശലിനാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. തട്ടിക്കൊണ്ടുപോയ മൂന്നുപേർ കസ്റ്റഡിയിലുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായും കസബ പൊലീസ് പറഞ്ഞു.