- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്ത് നിന്ന് പുലർച്ചെ തട്ടിക്കൊണ്ടുപോയത് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയപ്പോൾ; തകൃതിയായി അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് വടകരയിൽ ഇറക്കി വിട്ട് ക്വട്ടേഷൻ സംഘം; പ്രവാസി വ്യവസായി എംടികെ അഹമ്മദ് മോചിതനായെങ്കിലും സംഭവത്തിൽ ദുരൂഹത
കോഴിക്കോട് : നാദാപുരം തൂണേരിയിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ക്വട്ടേഷൻ സംഘം തട്ടി കൊണ്ടു പോയ പ്രവാസി വ്യാപാരി എംടികെ അഹമ്മദ് മോചിതനായി. ഇന്ന് വൈകീട്ട് വടകരയിലെത്തിച്ച് ഇറക്കി വിടുകയായിരുന്നെന്ന് സഹോദരൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ പള്ളിയിൽ നിസ്‌കാരത്തിന് പോകുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടി കൊണ്ടു പോയതായി പറയുന്നത്.
അഹമ്മദിനെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് വടകരയിൽ ഇറക്കി വിട്ടതായി വിവരം ലഭിക്കുന്നത്. അഹമ്മദ് വീട്ടിലെത്തി എല്ലാവർക്കും നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഖത്തറിലെ ഇന്ത്യൻ എമ്പസി അധികൃതർ ഇന്നലെ അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. എല്ലാ വിവരങ്ങളും ഇന്ത്യൻ എമ്പസിയെ അറിയിച്ചതായാണ് വിവരം.
തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. റൂറൽ എസ്‌പി ഡോ. ബി ശ്രീനിവാസിന്റെ മേൽനോട്ടത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് അഹമ്മദ് തിരിച്ചത്തിയിരിക്കുന്നത്.
സംഭവത്തിൽ വലിയ ദുരൂഹതകൾ നിലനിൽക്കുകയാണ്. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദി(53) നെ ശനിയാഴ്ച പുലർച്ചെയാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. വീടിനു സമീപത്തെ എണവള്ളൂർ പള്ളിയിൽ പ്രാർത്ഥനയ്ക്കായി സ്‌കൂട്ടറിൽ സഞ്ചരിക്കവേ സ്‌കൂട്ടർ തടഞ്ഞുനിർത്തി കാറിലെത്തിയ സംഘം ബലമായി കാറിൽ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.