- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ കൂടി പിടിയിൽ; കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി
ആലുവ: ഒരാഴ്ച മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഷാർജയിൽ നിന്നെത്തിയ താജു തോമസ് എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടിൽ യാസർ മനാഫ് (27) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ ഈ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം പത്തായി.
സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും പൊലീസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്.
നിരവധി കേസുകളിലെ പ്രതികളാണ് പിടികൂടിയവരിലേറെയും. ഇവർ കാത്തു നിന്ന യഥാർത്ഥ ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതികളുടെ പൂർവകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. ആലുവ ഡി.വൈ.എസ്പി റ്റി.എസ്.സിനോജ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ റ്റി.ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.