ദോഹ: ഖത്തറിൽ പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനയിൽ വൃക്കപരിശോധനയും നിർബന്ധമാക്കുമെന്ന് റിപ്പോർട്ട്. പരിശോധനയിൽ വൃക്ക രോഗം കണ്ടെത്തിയാൽ അത്തരം വിദേശികൾക്ക് താമസ വിസ അനുവദിക്കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. പൊതു ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

താമസ വിസയിൽ ഖത്തറിലെത്തുന്ന വിദേശികൾക്ക് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് നടത്താറുള്ള വൈദ്യ പരിശോധനയിലാണ് ഇനി മുതൽ വൃക്ക സംബന്ധമായ അസുഖങ്ങളും ഉൾപ്പെടുത്തുന്നത്.

നിലവിൽ എയിഡ്‌സ്, സിഫിലിസ്, ക്ഷയം, ഹെപ്പറ്ററ്റിസ് ബീ.സീ എന്നീ പരിശോധനകളാണ് മെഡിക്കൽ കമ്മീഷൻ നടത്തി വരാറുള്ളത്. എന്നാൽ വൃക്ക സംബന്ധിയായ അസുഖങ്ങൾ ആഗോളതലത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാധാരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.