- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കയുമായി എറണാകുളത്തിന് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് പാഞ്ഞെത്തിയ ആംബുലൻസ്; അവയവം കാത്തുവച്ചത് നാല് മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവച്ച 54കാരനെ മരണത്തിലേക്ക് തള്ളിവിട്ട മാപ്പില്ലാത്ത അനാസ്ഥ
തിരുവനന്തപുരം : പണം വാങ്ങി മാത്രം ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഡോക്ടർമാരുടെ അലംഭാവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ ജീവനെടുത്തു. അവയവ മാറ്റ ശസ്ത്രക്രിയ യഥാസമയം നടത്താത്തിനാൽ 54കാരന്റെ ജീവനാണ് പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് 5.30നാണ് എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും അവയവം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എന്നാൽ നാല് മണിക്കൂർ വൈകി രാത്രി 9.30 ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പിന്നാലെ ഐ.സി.യുവിലേക്ക് മാറ്റിയ രോഗി ഇന്ന് രാവിലെ 11.30തോടെയാണ് മരിച്ചത്.
എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പൊലീസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളിൽ അവയവം എത്തിച്ചത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തതാണ് വീഴ്ചയ്ക്ക് കാരണം. ഇന്നലെ ഞായറാഴ്ചയായതിനാൽ രോഗിയെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി.
ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃതയ്ക്കും കരൾ രാജിഗിരിക്കും, രണ്ട് കോർണിയ അങ്കമാലി ലിറ്റിൽ ഫളവർ ആശുപത്രിയിലേക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ യോജ്യമായ രോഗിയില്ലത്തിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആവശ്യപ്രകാരം ഇവിടേക്ക് നൽകുകയായിരുന്നു.
ഇന്നലെ രാവിലെ നാല് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ രഞ്ജിത്ത് ആമ്പുലൻസിൽ രാജഗിരിയിലേക്ക് പുറപ്പെട്ടു. രാവിലെ 10മണിയോടെ ആശുപത്രിയിലെത്തി.മസ്തിഷ്‌ക മരണം സംഭവിച്ചയാളിൽ നിന്നും അവയവം എടുത്തുമാറ്റുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ഓടെ പൂർത്തിയാക്കി മൂന്ന് മണിക്കാണ് ആമ്പുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രാജഗിരി മുതൽ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലിൽ നിന്നും പൊലീസ് അകമ്പടിയായി. സിഗ്നൽ ലൈറ്റുകളെല്ലാം ഓഫാക്കി പൊലീസ് ഗ്രീൻചാനൽ ഒരുക്കുകയായിരുന്നു.
ഒരാളിൽ നിന്നും അവയവം എടുത്താൻ എത്രയും വേഗം അത് മറ്റൊരാളിൽ വച്ചു പിടിപ്പിക്കണം. എന്നാൽ മാത്രമേ അവയവം ശരിയായ രീതിയിൽ പ്രവർത്തിക്കൂ.അല്ലെങ്കിൽ അത് സ്വീകരിക്കുന്ന വ്യക്തിയുടെ ജീവന് പോലും അപകടത്തിലാകും. അതിനാലാണ് സർക്കാർ ഗ്രീൻ കോറിഡോർ സംവിധാനത്തിലൂടെ റോഡ് മാർഗം അവയവം എത്തിക്കുന്നത്.
അവയവം എത്തുന്നതിന് മുൻപേ പരിശോധനകൾ പൂർത്തിയാക്കി രോഗിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റണം. അവയവം എത്തിയാൽ ഉടൻ ശസ്ത്രക്രിയ ആരംഭിക്കണം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. രാജഗിരി മുതൽ മെഡിക്കൽ കോളേജ് ആശുപത്രിവരെ ഗ്രീൻ ചാനൽ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ അവയവം എത്തുന്നതിന് യാതൊരു മുന്നൊരുക്കവും ഉണ്ടായില്ല. സെക്യൂരിറ്റി പോലും പുറത്തേക്ക് വന്നില്ല. അവയവം അടങ്ങിയ ബോക്സുമായി ആംബുലൻസ് ജീവനക്കാർ എവിടാണ് ഓപ്പറേഷൻ തീയേറ്റർ എന്ന് ചോദിക്കുന്ന സ്ഥിതിയായി.
തുടർന്ന് ലിഫ്റ്റിന് മുന്നിലെത്തിയെങ്കിലും അത് പിടിച്ചിട്ടിരുന്നില്ല. അഞ്ച് മിനിട്ടിന് ശേഷം ലിഫ്റ്റ് എത്തി അതുമായി ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ എത്തിയപ്പോൾ അതും അടഞ്ഞു കിടന്നു. അവിടെയും ആംബുലൻസ് ജീവനക്കാർ ഏറെ നേരം കാത്ത് നിന്നു. തുടർന്ന് ജീവനക്കാരെത്തി നിസാരം പോലെ അത് അവിടെ വച്ചേക്കൂ എന്ന് പറഞ്ഞ് അവരെ മടക്കിവിടുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ അനസ് പറയുന്നു.
മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്