- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാം മാധവുമായുള്ള ചർച്ചയ്ക്കു ശേഷമാണ് കുഴൽനാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയതെന്ന് മന്ത്രി തോമസ് ഐസക്; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ; വർഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷവോട്ട് നേടാനുള്ള ശ്രമമാണ് ഐസക്കിന്റേതെന്ന് മാത്യു കുഴൽനാടൻ; കിഫ്ബി വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആർഎസ്എസ് എന്ന മന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് ഇടപെടലെന്ന ആരോപണത്തിന് തെളിവു പുറത്തുവിടണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. കിഫ്ബിയിലെ കള്ളക്കളി പുറത്തുവരാതിരിക്കാനാണ് സിഎജിയെ എതിർക്കുന്നത്. നിയമസഭയിൽ വയ്ക്കാത്ത റിപ്പോർട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കാതെ സ്പീക്കർ ഉറങ്ങുകയാണോയെന്നും വി മുരളീധരൻ പരിഹസിച്ചു. റാം മാധവുമായുള്ള ചർച്ചയ്ക്കുശേഷമായിരുന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയതെന്ന് ആരോപിച്ചാണ് തോമസ് ഐസക്ക് ഇന്ന് രംഗത്തെത്തിയത്.
കുഴൽനാടൻ കെപിസിസി ജനറൽ സെക്രട്ടറിയായി തുടരണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അഭിഭാഷക സ്ഥാനത്തുനിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ പ്രതികിരച്ചു. വർഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷവോട്ട് നേടാനുള്ള ശ്രമമാണ് ഐസക്കിന്റേതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
സിഎജിക്ക് നിർബന്ധിത ഓഡിറ്റിന് അവകാശമുണ്ടെന്നും വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി രഞ്ജിത് കാർത്തികേയൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. സിഎജിയെയും ഈ കേസിൽ കക്ഷി ചേർത്തു. മാത്യു കുഴൽനാടനാണ് ഈ കേസിൽ രഞ്ജിത്തിനുവേണ്ടി ഹാജരാകുന്നത്.