കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് കിഫ്ബിയുടെ പേരിൽ 71 പുതിയ ഗസറ്റഡ് തസ്തികകൾ സൃഷ്ടിച്ച് സർക്കാർ.

കിഫ്ബിയുടെ പദ്ധതികൾക്കുവേണ്ടി മാത്രമായാണ് സർക്കാരിന് വൻ സാമ്പത്തിക ബാധ്യതവരുത്തുന്ന തസ്തികകൾ രൂപീകരിച്ചത്. അസിസ്റ്റന്റ് എൻജിനീയർ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർവരെ ഉൾപ്പെടുന്നതാണ് പുതിയ തസ്തിക. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഡെപ്യുട്ടേഷനിലാണു ജീവനക്കാരെ നിയമിക്കുന്നത്.

കിഫ്ബിക്കുവേണ്ടി ഇത്രയും തസ്തികകളിലേക്ക് ആളുകളെ മാറ്റുമ്പോൾ അവർ പൊതുമരാമത്ത് വകുപ്പിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിറവേറ്റാൻ പുതിയ നിയമങ്ങൾ നടത്തേണ്ടിവരും. അടിയന്തരമായി ചുമതലയേൽക്കാനാണ് ഇവരോടു നിർദേശിച്ചിരിക്കുന്നത്. പലർക്കും വ്യക്തമായ നിയമന ഉത്തരവു ലഭിച്ചിട്ടില്ല. എറണാകുളം ജില്ലയിൽ മാത്രം പത്തോളം ഉദ്യോഗസ്ഥരെയാണു നിയമിച്ചിരിക്കുന്നത്.