കൊച്ചി: കിഫ്ബിയ്‌ക്കെതിരെ കടുത്ത നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണവുമായി കിഫ്ബി സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്. കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചതായുള്ള ആരോപണം നേരിടുന്ന കിഫ്ബിയുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ തയാറാകാത്ത സിഇഒ, ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നിവർക്കു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കാരണം കാണിക്കൽ നോട്ടിസ് നൽകാനാണ് തീരുമാനം.

ഹാജരാകാൻ നോട്ടിസ് നൽകിയ ദിവസം ഹാജരായില്ലെങ്കിൽ അന്നു മുതലുള്ള ഓരോ ദിവസത്തിനും പിഴ ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായാണു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നത്. മൊഴി നൽകാനായി കിഫ്ബി ഉദ്യോഗസ്ഥർക്കു ഇഡി 2 തവണ നോട്ടിസ് നൽകിയെങ്കിലും ഹാജരായില്ല. സർക്കാർ നിർദ്ദേശം പാലിച്ചാണ് ഇവർ വിട്ടുനിന്നത്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ അടുത്ത നീക്കം. കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിലാണ്.

സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ സർക്കാരിനു താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്.

'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണു അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കിഫ്ബി കേസിൽ സഹകരിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

കേന്ദ്ര ഏജൻസികളെക്കൊണ്ട് വിരട്ടാൻ പറ്റുന്ന മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇത് വേറൊരു മണ്ണാണ്, അവർ വിരട്ടിയതൊക്കെ അത്തരക്കാരുള്ള സ്ഥലത്താണ്. നിയമപ്രകാരം പ്രവർത്തിക്കാനേ കേന്ദ്ര ഏജൻസികൾക്ക് അധികാരമുള്ളൂ. തോന്നിയതെന്തും ചെയ്യാൻ പറ്റില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ നിയമപരമായി നേരിടുമെന്ന് അവർക്ക് മനസ്സിലായി. നേരായ കളി കളിച്ചാൽ മതി. ഇവിടെ ഇടതുപക്ഷ സർക്കാരാണുള്ളത്. നേരല്ലാത്ത കളിയുംകൊണ്ട് വന്നാൽ വല്ലാതെ ക്ഷീണിക്കും. വയനാട്ടിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസനത്തിനെല്ലാം ഇടയാക്കിയത് കിഫ്ബി സംവിധാനമാണ്. വലിയ വികസനങ്ങളിലൂടെ കേരളം മൊത്തം മാറുകയാണ്. വികസനം നടക്കരുതെന്ന് ചിന്തിക്കുന്ന ദുഷ്ടശക്തികൾ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫും ബിജെപിയുംചേർന്ന് കേന്ദ്ര ഏജൻസികളെക്കൊണ്ടും കിഫ്ബിയെ ഇല്ലാതാക്കാൻ നോക്കുന്നുണ്ട്. എന്നാൽ ഒരു ചുക്കും സംഭവിക്കില്ല.

കാരണം കിഫ്ബി കേരള നിയമസഭയുടെ ഉൽപ്പന്നമാണ്. അതിന്റെ നേതൃത്വത്തിലുള്ളത് അന്താരാഷ്ട്ര അംഗീകാരമുള്ള സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഭരണസമിതിയാണെന്നും മുഖ്യമന്ത്രി പറയുന്നു.