ഓക്ക്‌ലാൻഡ്: പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റുവെന്ന കുറ്റത്തിന് കിൽബിൽണിയിലെ പാക്ക് എൻ സേവിന് അഞ്ചു ദിവസത്തേക്ക് മദ്യം വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കുട്ടികൾ തങ്ങളുടെ പ്രായം തെളിയിക്കുന്ന പാസ്‌പോർട്ട് കാണിച്ചുവെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്തിയതിനാണ് പാക്ക് എൻ സേവിന് വിലക്ക് ഏർപ്പെടുത്തിയത്.

കിൽബെർണി സൂപ്പർമാർക്കറ്റിലെത്തിയ 16 വയസുള്ള ആൺകുട്ടികളോട് വയസ് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടികൾ പാസ്‌പോർട്ട് കാണിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് 16 വയസുമാത്രമേ ഉള്ളൂവെന്ന് ശ്രദ്ധിക്കാതിരുന്ന ജീവനക്കാരൻ ഇവർക്ക് മദ്യം വിൽക്കുകയായിരുന്നു. തുടർന്നാണ് സൂപ്പർമാർക്കറ്റിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം നാലു ദിവസത്തേക്ക് മദ്യവിൽപ്പന തടയുന്നത് സൂപ്പർമാർക്കറ്റിന് പതിനായിരക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തുമെന്നാണ് പറയപ്പെടുന്നത്.

ജോലിയിൽ അശ്രദ്ധ കാട്ടിയ ജീവനക്കാരനെ പുറത്താക്കിയതായി സൂപ്പർമാർക്കറ്റ് അധികൃതർ വെളിപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച വിലക്ക് വ്യാഴാഴ്ച വരെ നീണ്ടു നിൽക്കും. 25 വയസിൽ താഴെയുള്ളവർ മദ്യം വാങ്ങാൻ സൂപ്പർമാർക്കറ്റുകളിലെത്തിയാൽ അവരുടെ പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്. മദ്യവിൽപ്പനയ്ക്ക് ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള സൂപ്പർമാർക്കറ്റുകളിൽ ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കുന്നതിനെതിരേ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.