ബോർണിയോ: വിശന്നപ്പോൾ കിട്ടിയത് പെരുമ്പാമ്പിനെ പിന്നൊന്നും നോക്കിയില്ല, വറുത്ത് തിന്ന് വിശപ്പ് മാറ്റി. മലേഷ്യയിലെ ബോർണിയോ ദ്വീപിലെ നായാട്ടുകാരാണ് പെരുപാമ്പുകളെ പൊരിച്ചു കഴിച്ച് വിശപ്പ് മാറ്റിയത്. ശനിയാഴ്‌ച്ച നായാട്ടിനായി ഇറങ്ങിയ സംഘം ഒരു പ്രത്യേകതരം ശബ്ദം കേൾക്കുകയും തുടർന്ന് മരത്തിനുള്ളിലെ പൊത്തിൽ ഇണചേരുന്ന പെരുമ്പാമ്പുകളെ കാണുകയുമായിരുന്നു. ഇരുപതു അടിയുള്ള വലിയ പെൺപാമ്പും ചെറിയ ആൺപാമ്പുമായിരുന്നു ഉണ്ടായിരുന്നത്.

സരാവക്ക് ഭാഗങ്ങളിലെ വിശിഷ്ട വിഭവമായി കഴിക്കുന്ന പാമ്പുകളെ കണ്ടെത്തിയതിൽ നായാട്ടുകാർക്ക് വലിയ സന്തോഷം ഉണ്ടായി. മരം മുറിച്ച് പാമ്പുകളെ പുറത്തിറക്കിയ ശേഷം അവയെ കെട്ടിയിട്ട ശേഷമാണ് വെടിവച്ചത്. കെലാവിറ്റ് നദിയുടെ തീരത്തായുള്ള ബിൻടുളു എന്ന ഗ്രാമത്തെ മുഴുവൻ ഗ്രാമവാസികൾക്കു ദിവസങ്ങൾ കഴിക്കാനുള്ള ആഹാരമായെന്നാണ് നായാട്ടുകാർ പറയുന്നത്. പെരുമ്പാമ്പിനെ തീയിൽ വറുത്ത ശേഷം എണ്ണയിൽ പച്ചക്കറിയോടൊപ്പം ചോറിന്റെ കൂടെ കഴിക്കുകയാണ് ചെയ്യുന്നത്.

പാമ്പുകൾ അന്യോനം പിണഞ്ഞു കിടന്നിരുന്നതിനാൽ അവയെ വേർപ്പെടുത്താൻ പാടുപ്പെട്ടെന്നും, പെരുമ്പാമ്പിനെ പിടിക്കാൻ മരം മുറിക്കേണ്ടി വന്നെന്നും ജനങ്ങൾ പറയുന്നു, കൂടാതെ ആദ്യമയാണ് പാമ്പുകൾ ഇണ ചേരുന്നത് കാണുന്നതെന്നും അഞ്ചു മീറ്റർ നീളമുള്ള പാമ്പിനെ കണ്ടിട്ടില്ലെന്നും അവർ പറയുന്നു.

ബിൻടുളുവിലെ ഏറ്റവും വിശിഷ്ടമായ വിഭവമാണ് പെരുമ്പാമ്പിനെ വേവിച്ച് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പെരുമ്പാമ്പിനെ തുല്യമായി മുറിച്ച് ഗ്രാമവാസികൾക്കും അടുത്തുള്ളകർഷകർക്കും തുല്യമായി നൽകുകയും ചെയ്തു.