സിയോൾ: കൊവിഡിനെ പ്രതിരോധിക്കാൻ വിചിത്രമായ നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു നേതാവാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. അദ്ദേഹത്തിന്റെ ഇത്തരം പരാമർശങ്ങളും നടപടികളും പാശ്ചാത്ത്യമാധ്യമങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായിത്തീർന്നതും അങ്ങിനെയാണ്.കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകാണിക്കാൻ രോഗബാധിതരെ വെടിവെച്ചു കൊല്ലുന്നു എന്നതിൽ തുടങ്ങി സമീപകാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനയായ ചൈനയിൽ നിന്ന് വീശുന്ന മഞ്ഞ പൊടി കാറ്റ് കൊറോണ വൈറസ് പരത്തുമെന്നത് വരെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ കിംന്റെ മറ്റൊരു പ്രസ്താവനയാണ് ബ്രിട്ടിഷ് ടാബ്ലോയിഡാ ദ സൺ ഉൾപ്പടെ പുറത്ത് വിട്ടിരിക്കുന്നത്. കൊവിഡിന്റെ വ്യാപനം തടയാൻ സൈന്യത്തോട് രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉത്തരവിട്ടിരിക്കയാണ് കിം

ഇക്കഴിഞ്ഞ ഏപ്രിൽ വരെ രാജ്യത്ത് കോവിഡ് കേസുകൾ ഇല്ലെന്നാണ് കിം പറഞ്ഞിരുന്നത്. ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന പക്ഷികളും മൃഗങ്ങളും വൈറസ് പരത്തുമെന്നും അതിനാൽ പൂച്ചകളെയും പ്രാവുകളെയും വെടിവച്ചു കൊല്ലണമെ്ന്നുമാണ് കിം സെന്യത്തിന് നൽകിയിരിക്കുന്ന ഉത്തരവ്.ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ മൃഗങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. അതിർത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥർ പക്ഷികളെ വെടിവച്ചുകൊല്ലുന്നതും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിർത്തിക്കടുത്തുള്ള ഹെയ്സാനിൽ, പൂച്ചയെ വളർത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രാജ്യത്തെ പ്രധാന ആശുപത്രികളിൽ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് ഈ മാസം ആദ്യം കിം നിരോധിച്ചിരുന്നു. ചൈനീസ് വാക്‌സിൻ പരീക്ഷണങ്ങളും അദ്ദേഹം രാജ്യത്ത് നിർത്തിവച്ചു. പകരം കൊറോണ വൈറസിനെതിരെ രാജ്യം തന്നെ സ്വന്തമായൊരു വാക്സിൻ നിർമ്മിക്കാൻ ഗവേഷകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം കാരണം വിദേശ ചികിത്സകൾ വ്യാപകമായി ലഭ്യമല്ലാത്തതിനാൽ ആഭ്യന്തരമായി മരുന്നുകൾ നിർമ്മിക്കാനും നീക്കമുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും ഉത്തരകൊറിയയുടെ അവകാശവാദം.

ലോകരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിലും കൊറിയയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നു തന്നെയാണ് പറയുന്നത്.എ്ന്നാൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതലെന്നും കോവിഡ് ബാധിക്കുന്നവരെ കിമ്മിന്റെ സൈന്യം വെടിവച്ചുകൊല്ലുകയാണ് എന്ന തരത്തിലുള്ള വാർത്തകളും ഇക്കഴി്ഞ്ഞ ഏപ്രിലിൽ പുറത്ത് വന്നിരുന്നു.

അതുപോലെ തന്നെ, തന്റെ രാജ്യത്ത് ഫാഷനൊന്നും വേണ്ട എന്ന നിലപാടിൽ അടുത്തിടെ പുതിയ തരം ഹെയർസ്‌റ്റൈലുകളും, കീറിയതുപോലെയുള്ളതോ, ഒട്ടിക്കിടക്കുന്നതോ ആയ ജീൻസുകളും കിം നിരോധിച്ചിരുന്നു. ഇതിന് പുറമേ, മൂക്കു കുത്തൽ, ചുണ്ട് കുത്തൽ എന്നിവയും നിരോധിച്ചു. ഇത്തരം വിദേശ ഫാഷനുകൾ രാജ്യത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. വിദേശ ഫാഷനുകൾ അനുകരിക്കുന്ന ആളുകളെ ലേബർ ക്യാമ്പുകളിലേക്ക് അയയ്ക്കുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.