ബെയ്ജിങ്ങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ബെയ്ജിങ്ങിലെത്തി ചൈനീസ് പരമാധികാരി ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്കയിലാണ്ടിരിക്കുകയാണ് പാശ്ചാത്യലോകം. ആണവ നിരായുധീകരണം സംബന്ധിച്ച് കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റിന് ഉറപ്പുകൊടുത്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയയുടെ അധികാരമേറ്റശേഷം കിം ജോങ് ഉൻ ആദ്യമായി നടത്തിയ വിദേശയാത്ര കൂടിയാണിത്. ആദ്യമായാണ് കിം ഒരു വിദേശ രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്തുന്നതും. കഴിഞ്ഞ ഞായറാഴ്ച ബെയ്ജിങ്ങിലെത്തിയ കിം ബുധനാഴ്ചവരെ ചൈനയിൽ തങ്ങിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയൻ നേതാവിനും ഭാര്യ റി സോൾ ജുവിനും ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ പ്രസിഡന്റ് ഷി ജിൻ പിങ് വിരുന്നൊരുക്കിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആണവ നിരായുധീകരണത്തിന് സ്ജ്ജമാണെന്ന് ഉത്തരകൊറിയൻ നേതാവ് ചൈനയ്ക്ക് വാക്കുനൽകിയതും. ആണവ നിരായുധീകരണ ശ്രമങ്ങളോട് ദക്ഷിണകൊറിയയും അമേരിക്കയും ശരിയായ രീതിയിൽ പ്രതികരി്ക്കുകയാണെങ്കിൽ ഉത്തരകൊറിയയും അതിന് സജ്ജമാണെന്ന് കിം പറഞ്ഞു.