വത്തിക്കാൻ സിറ്റി: യുദ്ധത്തിനായി കോപ്പു കൂട്ടുന്ന രാജ്യം എന്ന ഖ്യാതി മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഉത്തര കൊറിയ. ഇതിനായി ഇപ്പോൾ രാജ്യത്തിന്റെ തലവൻ കണ്ടെത്തിയിരിക്കുന്ന തന്ത്രവും ചർച്ചയാകുകയാണ്. ലോകത്തിന് മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശനത്തിന് ക്ഷണിക്കുകയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ,. വത്തിക്കാനിൽ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ- ഇന്നാണ് കിമ്മിന്റെ സന്ദേശം മാർപാപ്പയെ നേരിട്ട് അറിയിച്ചത്.

അരമണിക്കൂറോളം തുടർന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്.ആവശ്യത്തോട് അനുഭാവ പൂർണമായ സമീപനമാണു വത്തിക്കാൻ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. അങ്ങനെയെങ്കിൽ ചരിത്രപരമായ സന്ദർശനമായിരിക്കും മാർപാപ്പ ഉത്തരകൊറിയയിൽ നടത്തുക. ഇന്നേവരെയുള്ള മാർപാപ്പമാരിൽ ആരും ഉത്തര കൊറിയ സന്ദർശിച്ചിട്ടില്ല. മതപുരോഹിതരുടെ സന്ദർശനവുമായി ബന്ധപ്പെട്ടു നേരത്തേ വിലക്കേർപ്പെടുത്തിയിരുന്ന രാജ്യം കൂടിയാണ് ഉത്തര കൊറിയ.

കാത്തലിക് മതവിശ്വാസികൾ രാജ്യത്ത് എത്ര ശതമാനമുണ്ടെന്നു പോലും വ്യക്തമല്ല. വിശ്വാസികൾക്കായി ഉത്തര കൊറിയ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നതും അവ്യക്തമാണ്. പോപ് ഉത്തര കൊറിയ സന്ദർശിക്കണമെന്ന ആഗ്രഹം അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കിം ജോങ് ഉൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ അറിയിച്ചത്. തുടർന്നായിരുന്നു സന്ദേശം മൂൺ ജെ-ഇൻ കൈമാറിയത്.

കൊറിയൻ പെനിൻസുലയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ശക്തമായ പിന്തുണയുണ്ടെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. 'നിർത്തരുത്, മുന്നോട്ടു തന്നെ പോവുക, ഭയക്കുകയുമരുത്...' മേഖലയിലെ സമാധാന ശ്രമങ്ങൾക്കു മറുപടിയായി മാർപാപ്പ പറഞ്ഞത് ഇക്കാര്യങ്ങളാണെന്നും മൂൺ ജെ-ഇൻ വ്യക്തമാക്കി.

ഉത്തരകൊറിയൻ സന്ദർശനത്തിന് മൂൺ ജെ-ഇന്നിന്റെ സന്ദേശം തന്നെ മതിയാകും. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക ക്ഷണം കിമ്മിന്റെ ഭാഗത്തു നിന്ന് ലഭിക്കുകയാണെങ്കിൽ നല്ലതാണ്. ക്ഷണം ലഭിച്ചാൽ തീർച്ചയായും മറുപടി നൽകും, അവിടേക്കു തനിക്കു പോകാനാകുമെന്നും മാർപാപ്പ വ്യക്തമാക്കി. അടുത്ത വർഷം ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ ജപ്പാനിലെത്തുന്നുണ്ട്.