മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ രണ്ടു പേർ ടി വി റിയാലിറ്റി ഷോ താരം കിം കർദാഷിയാനെ തോക്കിൻ മുനയിൽ നിർത്തിയ സംഭവം ഉണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. പാരീസിൽ ഫാഷൻ വീക്കിൽ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ആക്രമത്തിന്റെ ഞെട്ടലിൽ നിന്നും നടിയും കുടുംബവും ഇതുവരെ മുക്തമായിട്ടില്ലെന്ന് വേണം പറയാൻ. കാരണം സംഭവത്തിന് ശേഷം മുറിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നാലു പേരെങ്കിലും ഇല്ലാതെ തനിക്ക് ഉറങ്ങാൻ കഴിയാറില്ലെന്ന് റിയാലിറ്റി ടിവി താരം കിം കർദാഷിയാൻ പറയുന്നു.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിന് ശേഷം എപ്പോഴും സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയാണെന്നും കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ അതി ശക്തമായ ഭീതിയാണെന്നും താരം പറഞ്ഞു. ' കീപ്പിങ് അപ്പ് വിത്ത് കർദാഷിയാൻസ്'' എന്ന പരിപാടിയുടെ പ്രിവ്യൂ വേളയിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. കൊള്ളയടിക്കലിന് ഇരയായ ഭീതിജനകമായ സംഭവം താരം പങ്കു വെയ്ക്കുന്നുണ്ട്.

എല്ലാവരെയും സംരക്ഷിക്കാൻ നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ മതിയാകില്ലെന്ന് കിം ഭയപ്പെടുന്നതായിട്ടാണ് മാതാവ് ക്രിസ് ജെന്നർ പറയുന്നത്. തന്നെ അന്ന് കൊള്ള ചെയ്തവർ ട്രിപ്പ് മുഴുവൻ പിന്തുടർന്ന ശേഷമായിരിക്കാം പ്ളാൻ നടപ്പിലാക്കിയത് എന്ന് സംശയിക്കുന്നതായി കിം വ്യക്തമാക്കി. തന്നെ ബലാത്സംഗം ചെയ്യുമോയെന്നും വെടിവെച്ചു കൊല്ലുമോയെന്നും ഭയപ്പെട്ടിരുന്നതായും നടി പറയുന്നു.

താൻ കുളിക്കുമ്പോഴായിരുന്നു വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതെന്നും വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച അക്രമികൾ കുളിച്ചു കൊണ്ടിരുന്ന തന്നെ വലിച്ചിഴച്ച് ബെഡ്റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും നടി പറഞ്ഞു. നഗ്‌നയായി തന്നെയവർ കട്ടിലിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് വായിൽ ടേപ്പ് ഒട്ടിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു

2016 ഒക്ടോബറിൽ കിം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞുകയറിയ കൊള്ളസംഘം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു സമ്പത്ത് കവർന്നത്.മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 17 ഓളം പേർ പൊലീസ് കസ്റ്റഡിയിലായിരുന്നു