റ് ഒളിമ്പിക്‌സുകൾ, ആറ് മെഡലുകൾ. 1996-ൽ അറ്റ്‌ലാന്റയിൽ തുടങ്ങിയ മെഡൽ വേട്ട കിം റോഡ് ഇനിയും അവസാനിപ്പിച്ചിട്ടില്ല. അമേരിക്കക്കാരിയായ ഈ ഷൂട്ടിങ് താരം തുടരെ ആറ് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുകയെന്ന അസാധാരണമായ റെക്കോഡാണ് റിയോയിൽ സ്വന്തമാക്കിയത്.

തുടർച്ചയായി ആറ് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് കിം റോഡ്. വിന്റർ ഒളിമ്പിക്‌സിൽ ല്യൂജ് ഇനത്തിൽ ഇറ്റലിക്കാരനായ ആർമിൻ സോഗലർ സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. അഞ്ച് ഭൂഖണ്ഡത്തിലായി മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് കിം റോഡ്.

വനിതാ വിഭാഗം സ്‌കീറ്റ് ഇനത്തിലാണ് കിമ്മിന് വെങ്കലമെഡൽ നേടാനായത്. ഇറ്റലിയുടെ ഡയാന ബക്കോസി സ്വർണവും നാട്ടുകാരിയായ ചിയാന കെയ്‌നേറോ വെള്ളിയും നേടി. എന്നാൽ, ഇവരെക്കാളൊക്കെ ശ്രദ്ധ നേടിയത് കിമ്മിന്റെ വെങ്കലമെഡൽ നേട്ടമായിരുന്നുവെന്ന് മാത്രം.

1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ഡബിൾ ട്രാപ്പിൽ സ്വർണം നേടിക്കൊണ്ടാണ് കിം മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. 17-ാം വയസ്സിലായിരുന്നു അത്. പിന്നീട് സിഡ്‌നിയിൽ വെങ്കലം, ആതൻസിൽ സ്വർണം, ബെയ്ജിങ്ങിൽ വെള്ളി, ലണ്ടനിൽ വീണ്ടും സ്വർണം എന്നിങ്ങനെ മെഡലുകൾ വരാൻ തുടങ്ങി.


ലണ്ടനിൽ സ്വർണം നേടിയപ്പോൾ ഒരു മെഡലിനുകൂടി സാധ്യതയുണ്ടെന്ന് കിം ട്വീറ്റ് ചെയ്തിരുന്നു. ഗർഭിണിയാണെന്ന് അറിയാതെയാണ് കിം ലണ്ടനിൽ ഷൂട്ടിങ്ങിൽ പങ്കെടുത്തത്. പിന്നീട് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട കിമ്മിന് ഗർഭിണിയായിരിക്കെ അവസാന നാലുമാസം പൂർണമായും കിടക്കയിൽ കഴിയേണ്ടിവന്നു. പ്രവസശേഷവും ബുദ്ധിമുട്ടുകൾ നേരിട്ട അവർക്ക് ശസ്ത്രക്രിയക്ക് വിധേയയാകേണ്ടിയും വന്നിരുന്നു. ഏതായാലും അന്ന് ജനിച്ച കാർട്ടറിനെ സാക്ഷി നിർത്തി കിം ഇക്കുറി മെഡൽ നേടിയപ്പോൾ അത് മാതൃത്വത്തിന്റെ മഹത്വം കൂടിയായി.