- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000ത്തിൽ നിന്ന് രണ്ടു ലക്ഷമാക്കി; നാലു വർഷ കുടിശികയും കിട്ടും; വ്യവസായ മന്ത്രിയുടെ ഓഫീസിലെ അതിവിശ്വസ്തർക്കും അടുത്ത ബന്ധുക്കൾക്കും കിൻഫ്രയിൽ ജോലി; ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ; കെഎംഎൽഎല്ലിലും കള്ളക്കളി; നിയമന വിവാദങ്ങൾ തീരുന്നില്ല
കൊല്ലം: ആശ്രിത നിയമനവും വേണ്ടപ്പെട്ടവർക്കുള്ള പ്രമോഷനും പിണറായി സർക്കാർ ആവശ്യം പോലെ ചെയ്തുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിൻഫ്രയിൽ (കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ) പിൻവാതിൽ നിയമനം തുടരുന്നുവെന്നാണ് റിപ്പോർട്ട്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന 3 പേരെയും കണ്ണൂർ സ്വദേശികളായ 3 പേരെയും മൾട്ടി ടാസ്കിങ് എക്സിക്യൂട്ടീവ് തസ്തികയിൽ സ്ഥിരമായി നിയമിക്കാൻ പട്ടിക നൽകി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു കൊണ്ട് എന്താകും തീരുമാനം എന്നത് മാത്രമാണ് അറിയാനുള്ളത്. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ കാണാത്ത സർക്കാരാണ് ഇതെല്ലാം ചെയ്യുന്നത്.
അതിനിടെ നിയമനങ്ങൾ ഏറ്റവും സുതാര്യമായാണു നടത്തുന്നതെന്ന് കിൻഫ്ര സിഎംഡി സന്തോഷ് കോശി തോമസ് പ്രതികരിച്ചു. അതിൽ കിൻഫ്ര അധികൃതരോ പുറമേ നിന്നുള്ളവരോ ഇടപെടാറില്ല. ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ആണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഒരാളെ തിരുകിക്കയറ്റാനുള്ള പഴുതൊന്നും നടപടികളിൽ ഉണ്ടാവില്ല. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്ഥിര നിയമനത്തിന് വലിയ ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. മനിങ് ആൻഡ് ജിയോളജി വകുപ്പിൽ വിജിലൻസ് കേസിൽ അന്വേഷണവും അച്ചടക്ക നടപടികളും നേരിട്ട ഉന്നത ഉദ്യോഗസ്ഥനെ ചട്ടങ്ങൾ ലംഘിച്ചു വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎല്ലിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ അധികച്ചുമതല നൽകി നിയമിച്ചത് വിവാദമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ നിയമനം.
വ്യാഴാഴ്ച അപ്രതീക്ഷിതമായി ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കുറച്ചു ദിവസം കൂടി വൈകി മാത്രമേ പ്രഖ്യാപനം വരികയുള്ളൂവെന്നതായിരുന്നു പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് സ്ഥിരപ്പെടുത്തൽ പട്ടിക തയ്യാറാക്കിയത്. വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥിരനിയമനത്തിനു മുന്നോടിയായി ഈ 7 പേരെയും കിൻഫ്രയിൽ വിവിധ തസ്തികകളിൽ താൽക്കാലികമായി നിയമിച്ചു. ഇന്നു പേരിനൊരു പരീക്ഷ എഴുതുന്നതോടെ ഇവർക്കു സ്ഥിരനിയമനമാകും. അതോടൊപ്പം ഉന്നത സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000 രൂപയിൽ നിന്നു 2 ലക്ഷത്തോളമാക്കി ഉയർത്തി. 4 വർഷത്തെ കുടിശികയും നൽകാൻ സർക്കാർ ഉത്തരവിട്ടു.
മാനേജർ തലത്തിനു താഴെയുള്ള എല്ലാ തസ്തികകളിലും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് നിയമാവലി പ്രകാരം പിഎസ്സി വഴി നിയമനം നടത്തണമെന്നാണു ചട്ടമെങ്കിലും സ്വകാര്യ ഏജൻസിയാണു കിൻഫ്രയിലെ നിയമനത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പിൻവാതിൽ നിയമനം പുറത്തു വന്നതോടെ വിവാദത്തിലായ 'മിന്റ്' എന്ന സ്വകാര്യ ഏജൻസി വഴി മന്ത്രിയുടെ ഓഫിസിൽ നിയമിച്ച ജീവനക്കാരിയാണു നിയമന പട്ടികയിൽ ഇടം പിടിച്ച ഒരാൾ. ഇവർക്കു നേരത്തേ തന്നെ കിൻഫ്രയിൽ നിന്നായിരുന്നു ശമ്പളം. മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആൾക്കും കെഎംഎംഎല്ലിൽ നേരത്തേ നിയമനം നൽകിയിരുന്ന മറ്റൊരാൾക്കും കിൻഫ്രയിൽ ജോലി നൽകുന്നുണ്ട്-മനോരമാ വാർത്ത പറയുന്നു.
കണ്ണൂർ സ്വദേശികളായ 3 പേർ കൂടി സമ്മർദങ്ങളെ തുടർന്നു പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. ഈ പട്ടിക അംഗീകരിക്കുന്നതിനൊപ്പമാണ് ഉന്നതോദ്യോഗസ്ഥൻ ഒരു തസ്തികയിലേക്കു തന്റെ അടുപ്പക്കാരന്റെ മകന്റെ പേരു നിർദേശിച്ചത്. എൽഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ ബന്ധുനിയമന വിവാദമുയർന്ന രാഷ്ട്രീയനേതാവിന്റെ മകന്റെ ശമ്പളമാണ് ഒറ്റയടിക്കു മൂന്നിരട്ടിയിലേറെ ആക്കിയത്. കിൻഫ്രയിൽ നിന്നുള്ള അഭ്യർത്ഥന പോലും ഇല്ലാതെയാണ്, തസ്തിക ജനറൽ മാനേജർ ഗ്രേഡിലേക്ക് ഉയർത്തി അടിയന്തര ശമ്പളവർധന നടപ്പാക്കിയത്.
ഇതിനൊപ്പമാണ് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലാണെന്നതിന്റെ മറവിലാണ് വർഷങ്ങളായി നിലവിലില്ലാത്ത എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്കുള്ള നിയമനം. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് 2 മാസം കഴിഞ്ഞു വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനെ കെഎംഎംഎല്ലിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതോടെ വ്യവസായ വകുപ്പിലെ ഉന്നതരുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന് പുതിയ സ്ഥിരം ജോലിയുമായി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സിപിഎമ്മിന്റെയും വകുപ്പിലെ പ്രമുഖരുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഡയറക്ടർമാരെയൊക്കെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരെയാണു സാധാരണ ഡയറക്ടർ പദവിയിൽ നിയമിക്കാറുള്ളത്. കെ. ബിജു, ഹരിത വി. കുമാർ, വിആർ പ്രേംകുമാർ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിയ ശേഷമാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്ന ഉദ്യോഗസ്ഥന് ഡയറക്ടറുടെ ചുമതല നൽകിയത്. പരിസ്ഥിതി അനുമതി കൂടാതെ ഖനനം നടത്തിയതിന് ദേശീയ ഹരിത ട്രിബ്യൂണൽ കെഎംഎംഎല്ലിനു വൻതുക പിഴയിട്ടിരുന്നു. ഇതേ തുടർന്നു ഖനനാനുമതി ഡയറക്ടറായിരിക്കെ കെ. ബിജു പിൻവലിച്ചു. ഡയറക്ടറുടെ ചുമതല ഇഷ്ടക്കാരന് നൽകിയാണു വ്യവസായ വകുപ്പ് അധികൃതർ ഇതു മറികടന്നത്.
കെടിഡിസിയിലും സ്ഥിരപ്പെടുത്തൽ
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.ടി.ഡി.സി.) 97 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. വിവാദം ഒഴിവാക്കാൻ ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചു. ഫെബ്രുവരി 16-നാണ് റിസപ്ഷനിസ്റ്റ്, ഹൗസ്കീപ്പർ, വെയ്റ്റർ, അസിസ്റ്റന്റ് കുക്ക്, ഹെൽപ്പർ തസ്തികയിലുള്ളവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത്.
10 വർഷമായി താത്കാലിക തസ്തികയിൽ തുടരുന്നവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥിരനിയമനം ആവശ്യപ്പെട്ട് കരാർ ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കെ.ടി.ഡി.സി. സർക്കാരിന് ശുപാർശ നൽകിയത്. എട്ടുവർഷം സർവീസുള്ള 153 ജീവനക്കാരുടെ പട്ടികയാണ് നൽകിയിരിക്കുന്നത്. ഇതിൽ 10 വർഷം സർവീസുള്ളവരെയാണ് സ്ഥിരനിയമനത്തിനു പരിഗണിച്ചത്.
മറുനാടന് മലയാളി ബ്യൂറോ