ജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കു ന്നതായി റിപ്പോർട്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സന്ദർശകർ പ്രവേശിക്കുന്നതടക്കം നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുന്നത്. വിമാനത്താവളത്തിനകത്തെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണിത്.

യാത്രക്കാരല്ലാത്തവർ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുന്ന പുതിയ വ്യവസ്ഥ ഉടനെ നടപ്പാക്കാനാണ് പരിപാടി. കുടുംബങ്ങൾ, കുട്ടികൾ, പ്രായം കൂടിയവർ, വികലാംഗർ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് നിന്നൊഴിവാക്കുമെന്നും ഇവരുടെ യാത്ര നടപടികൾ പൂർത്തിയാക്കാൻ ഒരാളെ അകത്തേക്ക് കടക്കാനനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് കൂടിയപ്പോൾ സന്ദർശകരെ താത്കാലികമായി തടഞ്ഞിരുന്നു. പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഉംറ തീർത്ഥാടകരെ വളരെ നേരത്തെ വിമാനത്താവളത്തിലത്തെിക്കുന്നതിനും വിലക്കുണ്ടാവും. നാല് മണിക്കൂർ മുമ്പ് മാത്രമേ യാത്രക്കാരെ അകത്തേക്ക് കടക്കാൻ അനുവദിക്കൂ. യാത്രക്ക് എത്രയോ മണിക്കൂറുകൾക്ക് മുമ്പ് തീർത്ഥാടകരെ ചില ഉംറ കമ്പനികൾ വിമാനത്താവളത്തിലത്തെി ക്കുന്നത് ഉദ്യോഗസ്ഥർക്ക് വലിയ പ്രയാസമുണ്ടാക്കാറുണ്ട്. തിരക്കിനു പുറമെ ലഗേജുകൾ മാറാനും നഷ്ടപ്പെടാനും ഇത് കാരണമാകാറുമുണ്ട്. ഇക്കാരണത്താലാണ് പുതിയ തീരുമാനം വരുന്നത്.

വിമാനത്താവള കെട്ടിട സമുച്ചയത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കും. അതിനുശേഷമേ യാത്രക്കാരെ അകത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കൂ. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും വൈകാതെ നടപ്പിലാക്കും