ദുബൈ: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് 520 തടവുകാർക്ക് മാപ്പു നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ്. വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.

പെരുന്നാൾ അവസരത്തിൽ തടവുകാരുടെ കുടുംബത്തിലും സന്തോഷം പകരുന്നതിന്റെ ഭാഗമായാണ് മോചനമെന്ന് ദുബൈ അറ്റോർണി ജനറൽ കൗൺസിലർ ഇസാം ഈസ അൽ ഹുമൈദാൻ പറഞ്ഞു. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഷാർജയിലും തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 225 തടവുകാർക്ക് മാപ്പു നൽകി കൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

പെരുന്നാളിന് മുന്നോടിയായി യുഎഇയിൽ 855 തടവുകാർക്ക് മോചനം നൽകി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാവുന്നത്.