കോതമംഗലം ; ആദിവാസി കോളനിയിൽ വിവാഹപ്പന്തലിന് സമീപം തോട്ടിൽ വീട്ടുകാർ കണ്ടത് 3 രാജവെമ്പാലകളെ.സന്തോഷം ആശങ്കക്ക് വഴിമാറിയപ്പോൾ വനംവകുപ്പിന്റെ അടിയന്തിര ഇടെപടൽ. മൂന്നിനേയും സുരക്ഷിതമായി പിടികൂടി, ഭീതിയകറ്റി വനം വകുപ്പ് ഉദ്യഗസ്ഥർ വിട പറഞ്ഞതോടെ എല്ലാം സാധാരണ നിലയിൽ. വിണ്ടും വിവാഹ വീട് ആഹ്ളാദതിമിർപ്പിലേക്ക്.

പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ നിന്നാണ് ഇന്നലെ 3 രാജവെമ്പാലകളെ ഒരെ സമയം വനംവകുപ്പ് ജീവനക്കാർ പിടികൂടിയത്. 3 രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടുന്നത് ആദ്യത്തെ സംഭവമാണെന്നും ഇതിന് മുമ്പ് ഇങ്ങനെ ഒരു സംഭവം കേട്ടുകേൾവി പോലുമില്ലെന്നും രാജവെമ്പാലകളെ പിടികൂടുന്നതിൽ നിരവധി വർഷത്തെ പരിചയമുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബു പറഞ്ഞു.

5 മീറ്ററോളം നീളം വരുന്ന രണ്ട് രാജവെമ്പാലകളെയും 2.5 മീറ്ററോളം നീളം വരുന്ന ഒരു രാജവെമ്പാലയെയും ആണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സുരക്ഷിതമായി പിടികൂടിയത്. 15 വയസോളം പ്രായം വരുന്നവയാണ് വലിയ രണ്ട് രാജവെമ്പാലകൾ ഇതിൽ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്, ചെറിയ രാജവെമ്പാലയും പെൺ വർഗ്ഗത്തിലുള്ളതാണ്.

ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ടി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കോടനാട് സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബു, ബീറ്റ് ഫോറസ്റ് ഓഫീസർമാരായ അൻവർ സാദിഖ്, സനോജ് കെ, ഫോറസ്റ്റ് വാച്ചർ ചെല്ലപ്പൻ വെള്ളക്കയ്യൻ, വാച്ചർമാരായ വിനോജ്, ബെന്നി എന്നിവരുൾപ്പെട്ട വനപാലക സംഘമാണ് പാമ്പുകളെ പിടികൂടിയത്.