മനാമ : കിങ് ഫഹദ് കോസ്‌വേയിൽ പ്രവേശന ഫീസ് വർധിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകളെ തുടർന്നാണ് വ്യക്തതയുമായി അധികൃതർ എത്തിയത്.

കോസ്‌വേയിലെ പ്രവേശന ഫീസ് 2.5ബഹ്‌റൈൻ ദിനാറിൽനിന്ന് 3.5 ബഹ്‌റൈൻ ദിനാറാക്കി ഉയർത്തി എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‌കോബാറിലേയ്ക്കുള്ള യാത്രക്ക് 7 ദിനാറും, ഇൻഷ്വറൻസ് ചാർജ് ഇനത്തിൽ 1 ദിനാറും ഈടാക്കും എന്നായിരുന്നു സന്ദേശം.

1986 ൽ ഫഹദ് കോസ്‌വേ നിലവിൽ വന്നതിന് ശേഷം 2016 ജനുവരി 1 നാണ് ആദ്യമായി ഫീസ് വർധന ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് 2 ദിനാറിൽനിന്ന് 2.5 ദിനാറായും വലിയ യാത്രാ വാഹനങ്ങൾക്ക് 3 ദിനാറിൽനിന്ന് 3.5 ദിനാറായുമാണ് അന്ന് നിരക്ക് വർധിപ്പിച്ചത്.