- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുരിന്റെ വാദങ്ങളും തുണയായില്ല; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് കോടതി; പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് നിരീക്ഷിച്ച് കോടതി തീരുമാനം; കസ്റ്റഡിയിൽ കിട്ടാനുള്ള സാധ്യത കുറവ്; വിസ്മയയുടേതുകൊലപാതകം എന്നുറപ്പിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പി പൊലീസും
തിരുവനന്തപുരം: കൊല്ലം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരണിന്റെ ഭാര്യ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ (24) ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീധന പീഡന മരണക്കേസിൽ ജൂൺ 22 മുതൽ റിമാന്റിൽ കഴിയുന്ന പ്രതി കിരണിന് ജാമ്യമില്ല.
ഭർത്താവ് കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളി ഉത്തരവായത്. പ്രതിക്കെതിരെ പ്രധാനമായും ആരോപിക്കുന്ന വകുപ്പ് 304 (ബി) സ്ത്രീധന പീഡനമരണക്കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റമായതിനാലും അന്വേഷണം പ്രാരംഭ ദിശയിലായതിനാലും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രനാക്കാനാവില്ല.
അപ്രകാരം സ്വതന്ത്രനാക്കിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ആദ്യ പൊലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർക്കാൻ സാധ്യതയുള്ളതായും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചത്. ആളൂരായിരുന്നു കിരണിന്റെ വക്കീൽ. കേസ് കെട്ടിച്ചമച്ചതാണെന്ന വാദമൊന്നും കോടതി അംഗീകരിച്ചില്ല.
കിരണിനെ ജൂൺ 25 ന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി നൽകിയിരുന്നു. വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റെ വീട്ടിൽ കൊണ്ടുചെന്ന് വിസ്മയയുടെ 166 സെ.മി. പൊക്കവും 66 കിലോ ഭാരവുമുള്ള ഡമ്മി വച്ച് ക്രൈം സീൻ കിരണിനെ കൊണ്ട് പുനരാവിഷ്‌ക്കരിച്ചിരുന്നു.പോരുവഴി സ്റ്റേറ്റ് ബാങ്കിൽ കൊണ്ടുചെന്ന് ലോക്കറിൽ നിന്ന് 42 പവൻ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി. പിറ്റേന്ന് വിസ്മയുടെ നിലമേൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോവാനിരിക്കേ കോവിഡ് പോസിറ്റീവായതിനാൽ നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 15 ദിവസം ക്വാറന്റയിനിൽ കഴിയേണ്ടതിനാൽ അന്വേഷണം വഴിമുട്ടി.
കിരണിനെ ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകില്ല. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റിലായാൽ ആദ്യ 15 ദിവസത്തിനകം പൊലീസ് കസ്റ്റഡി അപേക്ഷ നൽകേണ്ടതും ആദ്യ റിമാന്റ് മുതൽ 15 ദിവസം വരെ മാത്രമേ പ്രതിയെ കസ്റ്റഡി നൽകാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) വിവക്ഷിക്കുന്നുള്ളു. ഇവിടെ കിരണിന്റെ ക്വാറന്റയിലും റിവേഴ്‌സ് ക്വാറന്റയിനും തീരാൻ 25 ദിവസമെടുക്കും. അതിനാൽ ഇനി ജയിലിൽ പോയി ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതിയെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകുകയുള്ളു. ഇതോടെ പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യൽ അദ്ധ്യായം അടഞ്ഞു. ഇവിടെ ജൂൺ 22 മുതൽ ജൂലൈ 7 വരെ ആദ്യ റിമാന്റു പിന്നിട്ടപ്പോൾ തന്നെ 15 ദിവസം പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ ജൂലൈ 7 മുതൽ പൊലീസ് കസ്റ്റഡി നൽകാൻ നിയമം അനുവദിക്കുകുന്നില്ല. പൊലീസിനു മുന്നിൽ ഇനിയുള്ള ഏക മാർഗ്ഗം കിരണിനെ ജയിലിൽ ചെന്ന് ചോദ്യം ചെയ്യുക മാത്രമാണ്. എന്നാൽ കൂട്ടുപ്രതികളായി കിരണിന്റെ മാതാപിതാക്കളേയോ കിരണിന്റെ സഹോദരീ ഭർത്താവ് മുകേഷിനേയോ പ്രതിചേർത്ത് അറസ്റ്റ് ചെയ്യുന്ന പക്ഷം അവരെ അറസ്റ്റ് തീയതി മുതൽ 15 ദിവസത്തിനകം പൊലീസ് കസ്റ്റഡി വാങ്ങാവുന്നതാണ്.
കൊലപാതകക്കുറ്റം ചുമത്താൻ തുമ്പു കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഡമ്മി പരീക്ഷണത്തിന്റെ അനാലിസിസ് റിപ്പോർട്ടും ശരീരത്തിൽ വിഷാംശമുണ്ടായിരുന്നോയെന്നും ഉണ്ടെങ്കിൽ ഏത് തരമാണെന്നറിയാനുമായി കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഫലം കാത്തിരിക്കുകയാണ് പൊലീസ് സംഘം. കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുകൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. കിരണിനെ കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ടിനോട് കോടതി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.
2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിന്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടിൽ ഒന്നാം നിലയിൽ ദമ്പതികളുടേ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്. കിരൺ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിന്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ തെളിവായി ശരീരത്തിലുള്ള പരിക്കിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്‌സ്ആപ്പ് അയച്ചിരുന്നു.
മരണത്തിന് മണിക്കൂറുകൾ മുമ്പ് മർദ്ദനപാടുകൾ ഉള്ള ഫോട്ടോ വിസ്മയ സഹോദരന് അയച്ചു. ഇതേച്ചൊല്ലിയും കിരൺ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോൺ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലപ്പോഴായി 5 ഫോണുകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകൾ കിരൺ ബ്ലോക്കും ചെയ്തു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായർ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്. 101 പവനും 1 ഏക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയത്.കാർ മൈലേജില്ലാത്തതിനാൽ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാൻ ഈ കാർ വിറ്റ് ഉടൻ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മർദ്ദിക്കുന്നത് പതിവാക്കി.
2021 ജനുവരി 5 ന് അർദ്ധരാത്രി കിരൺ മദ്യപിച്ച് ഇതേ കാറിൽ വിസ്മയെയും കൊണ്ട് അമിത വേഗതയിൽ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടിൽ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചു. തടയാൻ ചെന്ന സഹോദരനെയും ക്രൂരമായി മർദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു. വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്‌ഐയെയും കിരൺ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി. കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടിൽ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിറ്റേന്ന് സ്റ്റേഷനിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചർച്ച നടത്തി ഇനിയൊരു പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയിൽ ഒത്തു തീർപ്പാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റർ ക്ലോസ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ