കണ്ണൂർ: സൺ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള കിരൺ ടി.വി.യുടെ പ്രവർത്തനം കേരളത്തിൽ അവസാനിപ്പിക്കുന്നു. ഇനി മുതൽ ചെന്നൈയിൽ നിന്നാണ് കിരൺ ടി.വി. പ്രവർത്തിക്കുക.

ബിസിനസ്സ് ഓപ്പറേഷന്റെ ഭാഗമായാണ് കിരൺ ടി.വി.യുടെ പ്രവർത്തനം കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് മാറ്റുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. നവംബർ ഒന്നു മുതൽ ചെന്നൈയിലെ സൺ നെറ്റ് വർക്ക് ആസ്ഥാനത്തു നിന്നും പതിവു പോലെ ഈ സിനിമാ ചാനൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

കൊച്ചിയിലെ സൂര്യാ ടി.വി.യുലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് സമരം നടക്കുകയാണ്. അതിന്റെ പ്രതികാരമാണ് കിരൺ ചാനലിനെ തമിഴകത്തേക്ക് മാറ്റുന്നതെന്നാണ് കരുതുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ കടുത്ത എതിരാളികളാണ് സൺ നെറ്റ്‌വർക്ക് ചെയർമാൻ കലാനിധി മാരനും മുൻകേന്ദ്രമന്ത്രിയും സഹോദരനുമായ ദയാനിധിമാരനും. ജയലളിത രോഗബാധിതയായതോടെ പഴയപോലെ അവർ തിരിച്ചു വരില്ലെന്ന കണക്കു കൂട്ടലിലാണ് ഈ സഹോദരങ്ങൾ. അങ്ങനെയാണെങ്കിൽ കേരളത്തിലെ സൺ നെറ്റ്‌വർക്കിന്റെ എല്ലാ സ്ഥാപനങ്ങളും ചെന്നൈയിൽ കേന്ദ്രീകരിച്ചു കഴിഞ്ഞാൽ ജീവനക്കാരെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭരിക്കാമെന്ന കണക്കു കൂട്ടലാണ് ഇപ്പോഴുള്ള നീക്കത്തിന് പിന്നിൽ.

തമിഴ്‌നാട്ടിൽ ആസ്ഥാനാനമാക്കിയാൽ തമിഴരെപ്പോലെ മലയാളിയേയും അടക്കിവാഴാനും ചാനൽ വൻ ലാഭത്തിൽ കൊണ്ടു പോവാനും കഴിയുമെന്നാണ് മധ്യനിര മാനേജുമെന്റിന്റെ വക്താക്കൾ നൽകിയ ഉപദേശം. ആദ്യം കിരൺ ടി.വി.യെ കൊണ്ടു പോവുകയും ഇത് വിജയിച്ചാൽ കൊച്ചു ടി.വി.യേയും അതിനു പിറകിൽ സൂര്യ ടി.വി.യെ മൊത്തത്തിലും കേരളത്തിൽ നിന്നും പറിച്ചു നടാനാണ് നെറ്റ്‌വർക്കിന്റെ നീക്കം.

കോടികൾ കേരളത്തിൽ നിന്നും പരസ്യ ഇനത്തിൽ വരുമാനം ലഭിക്കുന്ന ഈ സ്ഥാപനങ്ങൾ കൊണ്ട് മലയാളികളായ ജീവനക്കാർക്ക് ഒരു നേട്ടവുമില്ലാത്ത അവസ്ഥയാണ്. ഏഴായിരം രൂപ പോലും മാസം തികച്ച് കിട്ടാത്ത ജീവനക്കാർ കേരളത്തിൽ ഇന്നുമുണ്ട്. അടിമകളെപ്പോലെ മലയാളി ജീവനക്കാരെ തൊഴിലെടുപ്പിക്കുന്ന സമീപനമാണ് സൺ നെറ്റ്‌വർക്ക് ഉടമകൾ സ്വീകരിക്കുന്നത്. അതിന് സി.പ്രവീൺ, സജു ഡേവിഡ് എന്നീ മധ്യനിര മാനേജുമെന്റുകാർ എല്ലാവിധ ഒത്താശയും ചെയ്യുന്നു.

നിയമപരമായി മറ്റൊരു സംസ്ഥാനത്ത് പോയി പ്രവർത്തിക്കാൻ ഒരു മാസത്തെ സമയമനുവദിക്കേണ്ടതാണ്. എന്നാൽ കിരണിന്റെ ജീവനക്കാർക്ക് ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേയാണ് നവംബർ ഒന്നിനു ചെന്നൈയിൽ ജോലിക്കെത്തണമെന്ന് നോട്ടീസ്നൽകിയത്.

കുട്ടികളുടെ വിദ്യാഭ്യാസം, ജീവനക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പോലും കണക്കിലെടുക്കാതെയാണ് മാനേജ്മെന്റ് ചെന്നൈയിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. തൊഴിലാളി ക്ഷേമം ലംഘിക്കില്ലെന്ന ഉറപ്പ് നൽകിയാണ് സൺ നെറ്റ്‌വർക്ക് ബ്രോഡ് കാസ്റ്റിങ് ലൈസൻസ് നേടിയിട്ടുള്ളത്. അതിന്റെ ലംഘനമാണ് ഈ സ്ഥാപനത്തിൽ നടന്നു വരുന്നത്.