1989ൽ റിലീസായ 'കിരീടം' എന്ന ചിത്രം മലയാള സിനിമയുടെ തന്നെ കിരീടമായി മാറിയ ഒന്നാണ്.മോഹൻലാൽ, തിലകൻ, മോഹൻരാജ്(കീരിക്കാടൻ ജോസ്) എന്നിവരുടെ അതിഗംഭീര പ്രകടനം കൊണ്ട് ഉജ്ജ്വലമായ സിനിമ. സിബി മലയിലിന്റെ തകർപ്പൻ സംവിധാനവും ലോഹിതദാസ് എന്ന മഹാപ്രതിഭ നൽകിയ ഉള്ളുരുക്കുന്ന തിരക്കഥയും മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ പകരം വക്കാനില്ലാത്ത അഭിനയപാടവും ഒക്കെയായി കിരീടത്തിന് സവിശേഷതകൾ ഏറെയായിരുന്നു. എന്നാൽ ഈ സിനിമ പിറന്നതിന് പിന്നിലെ കഥകൾ ആരും അറിയാനിടയില്ല. കീരിടം എന്ന സിനിമ പിറക്കാനുണ്ടായ കഥകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കിരീടത്തിൽ അഭിനയിക്കാൻ മോഹൻലാലിന് ആദ്യം താൽപ്പര്യമില്ലായിരുന്നുവെന്നും കഥ പറയാനായി മോഹൻലാൽ അഭിനയിച്ചു കൊണ്ടിരുന്ന മൂന്നു സിനിമകളുടെ ലൊക്കേഷനുകളിൽ സിബിയും ലോഹിതദാസും കയറിയിറങ്ങിയെന്നുമാണ് പുറത്ത് വരുന്നത.ഒടുവിൽ താൽപ്പര്യമില്ലാതെ മോഹൻലാൽ കഥ കേൾക്കാൻ ഇരുന്നു. ആദ്യം അലസമായ മനസ്സോടെ ഇരുന്നെങ്കിലും കഥ കേട്ട് കഴിഞ്ഞയുടൻ നിറഞ്ഞ കണ്ണുകളോടെ സിബി മലയിലിന് കൈ കൊടുത്തു കൊണ്ട് പഇതാണ് ഞാൻ ചെയ്യാൻ പോകുന്ന അടുത്ത ചിത്രമെന്ന് പറയുകയുമായിരുന്നു.

ചിത്രത്തിന് കീരിടം എന്ന് പേര് കൈവന്നതിന് പിന്നിലും കഥയുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെ എല്ലാം തീരുമാനിച്ചിരുന്നെങ്കിലും സിനിമയുടെ പേര് മാത്രം കിട്ടിയിരുന്നില്ല. ലോഹിതദാസിന്റെ തന്നെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന സിനിമയുടെ പേര് അങ്ങനെ പേര് എന്തായി എന്നറിയാൽ സിബി ഒരു ദിവസം ലോഹിത ദാസിനെ കാണാൻ എത്തി. എന്നാൽ ലോഹിത ദാസ് ആ സമയത്ത് ഐവി ശശിക്ക് വേണ്ടി എഴുതിയ സിനിമയ്ക്ക് പേര് കിട്ടാതെ വിഷമിക്കുകയായിരുന്നു.മമ്മൂട്ടി നായകനാകുന്ന ആ ചിത്രത്തിന് കിരീടം എന്ന പേര് നൽകിയെങ്കിലും ഐവി ശശിക്ക് അത് ഇഷ്ടമായില്ല. എന്നാൽ ആ പേര് കേട്ടപ്പോൾ തന്നെ സിബിക്ക് ഇഷ്ടപ്പെടുകയും ഐവി ശശിക്ക് വേണ്ടെങ്കിൽ വേണ്ട, നമ്മുടെ ചിത്രത്തിന് ഈ പേരിടാം എന്ന് സിബി പറയുകയുമായിരുന്നു. ലോഹിതദാസ് - ഐവി ശശി കൂട്ടുകെട്ടിലെ മമ്മൂട്ടി ചിത്രത്തിന് മുക്തി എന്നും പേരിട്ടു.