- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനി ഗ്യാങ്ങിലെ രണ്ടാമനായ കിർമാണിയെ ബോസാക്കുന്നതിന് പിന്നിൽ യഥാർത്ഥ ബോസായ പ്രമുഖനെ രക്ഷിക്കാനോ? സ്വർണം പൊട്ടിക്കൽ സംഘത്തിലെ യുവാവ് ജയിലിൽ കഴിയുന്ന കിർമാണിയുമായി സംസാരിക്കുന്ന വീഡിയോ കോൾ പുറത്തുവിട്ടത് ആസൂത്രിത നീക്കമെന്ന് സംശയം
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ നയിക്കുന്ന ബോസിനെ വെളിച്ചത്തു കൊണ്ടു വരാതെ രക്ഷിച്ചെടുക്കാൻ അണിയറയിൽ നീക്കങ്ങൾ തുടങ്ങി. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി സ്വർണകടത്ത് കേസിൽ ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സ്വർണക്കടത്തിലെ ബോസ് ഇയാളാണെന്ന പ്രചാരണം വിവിധ കോണുകളിൽ നിന്നു മുയരുന്നത്.
കരിപ്പൂർസ്വർണക്കടത്തിൽ ടിപി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും പിന്നാലെ ഈ കേസിലെ രണ്ടാം പ്രതി മാഹി പന്തക്കൽ നടുവിൽ മാലയാട്ട് വീട്ടിൽ മനോജ് കുമാർ എന്ന കിർമാണി മനോജി (32) നും ബന്ധമുണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. കിർമാണിജയിലിൽ നിന്ന് യുഎഇയിലെ സ്വർണക്കടത്ത് സംഘവുമായി വീഡിയോ കോൾ ചെയ്തുവെന്ന രീതിയിലുള്ള തെളിവുകളാണ് പുറത്തു വരുന്നത്. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കിർമാണി മനോജ് വീഡിയോ കാൾ ചെയ്തതെന്നാണ് ആരോപണം. കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ 12ന് പേരാമ്പ്ര സ്വദേശി സ്വർണവുമായി നാട്ടിലേക്ക് മടങ്ങുന്നതിനു തൊട്ടു മുമ്പാണ് വീഡിയോ കോൾ ചെയ്തതെന്നാണ് സൂചന. പേരാമ്പ്ര സ്വദേശിയുടെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചോർന്നത്. ഈ ചിത്രങ്ങൾ കസ്റ്റംസിനും കേന്ദ്ര ഇന്റലിജൻസിനും ലഭിച്ചിട്ടുണ്ട്. ജയിലിലെ ഫോൺ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ ശുചി മുറിയിൽ നിന്നാണ് കിർമാണി മനോജ് വിഡിയോ കോളിൽ സംസാരിച്ചതെന്ന് സംശയിക്കുന്നു. മുറിയുടെ വാതിൽ അടച്ച് ഒളിച്ചുനിന്ന് സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. മാസ്ക് പാതി താഴ്ത്തിയ നിലയിലാണ് സംസാരിക്കുന്നത്.
യുഎഇ സമയം ഉച്ചയ്ക്ക് 12.24 നാണ് വിഡിയോ കോൾ ചെയ്തത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പേരാമ്പ്ര സ്വദേശി തന്നെ ഫോണിൽ സൂക്ഷിച്ചിരുന്നു. കിർമാണി മനോജുമായുള്ള യുവാവിന്റെ മറ്റുചിത്രങ്ങളും പുറത്തായിട്ടുണ്ട്. കിർമാണിയുമായി വീഡിയോ കോൾ ചെയ്ത പേരാമ്പ്രസ്വദേശി സ്വർണ കവർച്ചാ കേസിൽ ആറുമാസത്തോളമായി യുഎഇ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
കഴിഞ്ഞ നവംബർ 12ന് ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത പേരാമ്പ്രസ്വദേശിയായ യുവാവ് വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് കിർമാണിയുടെ 'പൊട്ടിക്കൽ 'സംഘത്തിന് സ്വർണം കൈമാറിയതായാണ് വിവരം.
യുഎഇയിൽ വച്ച് താൻ കവർച്ചക്കിരയായതായി കടത്തു സംഘത്തെ അറിയിക്കുകയും ചെയ്തു. പിന്നീട് നാട്ടിൽ വന്ന് മടങ്ങിയപ്പോൾ വിമാനത്താവളത്തിൽ വച്ച് പേരാമ്പ്രസ്വദേശിയെ സ്വർണം മോഷ്ടിച്ചു എന്ന കുറ്റത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെപിന്നീട് ആറുമാസം തടവിനും 2,33,415 യുഎഇ ദിർഹം പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഏഴുവർഷം കൂടി തടവ് അനുഭവിക്കാനും ശിക്ഷിച്ചു.
കിർമാണി മനോജിന്റെ ഫോൺ നമ്പർ ബോസ് എന്ന പേരിലാണ് പേരാമ്പ്ര സ്വദേശി ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. കേരളത്തിലും ദുബായിലുമായി സ്വർണം കടത്താനും പൊട്ടിക്കാനുമായി പ്രവർത്തിക്കുന്ന സംഘത്തിൽ ബോസ് എന്നറിയപ്പെടുന്നത് കിർമാണി മനോണ്ടാണോയെന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. എന്നാൽ ഈ ആരോപണം ഉന്നത രാഷ്ട്രിയ ബന്ധമുള്ള മറ്റൊരു ബോസിനെ രക്ഷിച്ചെടുക്കാനുള്ള പൊട്ടിക്കൽ സംഘത്തിന്റെ അടവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.കൊടി സുനി നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘത്തിലെ രണ്ടാമനായാണ് കിർമാണി മനോജ് അറിയപ്പെടുന്നത്.
കൊടി സുനിയെപ്പോലും കൂടെയുള്ളവർ ബോസെന്നല്ല ലീഡർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതു കൊണ്ടു തന്നെ കൊടി സുനിയോടൊപ്പം തന്നെ ജയിലിൽ കഴിയുന്ന കിർമാണി മനോജി'നെ ബോസിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇവരെയൊക്കെ നിയന്ത്രിക്കുന്ന മറ്റൊരാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം ഇതു വരെ ആ ദിശയിലേക്ക് നീങ്ങിയിട്ടില്ല ഉന്നത രാഷ്ട്രിയ - ഭരണതലത്തിൽ ബന്ധങ്ങളുള്ള ഈ വ്യക്തി സിപിഎം ഉന്നത നേതാവിന്റെ അതീവ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
ഗൾഫിലെ സ്വർണക്കടത്ത് ഇടപാടുകളിലും പണമിടപാട് തർക്കങ്ങളിലും മധ്യസ്ഥ ചർച്ചകൾ നടത്താനായി പലപ്പോഴും ഗൾഫിലേക്ക് പറക്കാറുള്ള ഇയാൾ നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതിയാണെങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കണ്ണുർ ജില്ലയിലെ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾക്കിടെയിൽ ബോസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ഒഴിവാക്കാനാണ് കിർമാണി മനോജാണ് ബോസെന്ന പ്രചാരണം വിവിധ കോണുകളിൽ നിന്നും ഉയരുന്നതെന്ന സൂചനയുമുണ്ട്.