ന്യൂഡൽഹി: എംപിമാരായി മാറിയ സിനിമാതാരങ്ങളിൽ പാർലമെന്റിൽ ഏറ്റവും ഹാജരുള്ളത് ബിജെപിയുടെ കിരൺ ഖേറിന്. പാർലമെന്റ് നടപടികളുടെ നിരീക്ഷകരായ സന്നദ്ധസംഘടന പിആർഎസ് ലെജിസ്‌ലേറ്റീവ് റിസർച് പുറത്തുവിട്ട കണക്കുകൾ പ്രകാരം അനുപം ഖേറിന്റെ ഭാര്യയും ബിജെപിയുടെ ചണ്ഡിഗഡ് എംപിയുമായ കിരൺ ഖേറിന് 85 ശതമാനം ഹാജരുണ്ട്.

രണ്ടാം സ്ഥാനത്ത് പരീഷ് റാവൽ (ബിജെപി,അഹമ്മദാബാദ് ഈസ്റ്റ്), ശതാബ്ദി റോയി, (ടിഎംസി,ബീർബും) മനോജ് തിവാരി, (ബിജെപി,ഡൽഹി നോർത്ത് ഈസ്റ്റ്); എന്നിവരും.എല്ലാവർക്കും 76 %വീതം ഹാജർ. സഭയിലേക്കു തീരെ വരാത്തതു രേഖയും. ലോക്‌സഭയിലെ ദേശീയ ശരാശരി ഹാജർനില 82 %. രാജ്യസഭയിലേതു 79 %.

സിനിമാ താരമായ രേഖയ്ക്ക് അഞ്ചു ശതമാനമേ ഹാജരേയുള്ളു. 2012 ൽ രാജ്യസഭയിലെത്തിയ നടി ഇതേവരെ സഭയിൽ ഒന്നും മിണ്ടിയിട്ടില്ല. ഹേമമാലിനിക്ക് (മഥുര,ബിജെപി) 37 ശതമാനമാണ് ഹാജർ. 10 സഭാചർച്ചകളിൽ പങ്കെടുത്തു. 113 ചോദ്യങ്ങൾ ഉന്നയിച്ചു. ശത്രുഘ്‌നൻ സിൻഹ (ബിജെപി) 68 %. സഭയിൽ സംസാരിച്ചിട്ടില്ല.

മിഥുൻ ചക്രവർത്തി (ടിഎംസി) സഭയിലുണ്ടെങ്കിലും മിണ്ടിയിട്ടില്ല. പത്ത ശതമാനമാണ് ഹാജർ. സിനിമാ താരമായ ജയ ബച്ചന് (എസ്‌പി. യുപി) 74 ശതമാനമാണ് ഹാജർ. വിനോദ് ഖന്ന (ഗുർദസ്പുർ, ബിജെപി) 59 %. മൂൺമൂൺ സെൻ (ടിഎംസി) 70 %, തപസ് പാൽ (ടിഎംസി) 69% എന്നിങ്ങനെയാണ് മറ്റ് സിനിനാ മേഖലയിൽ നിന്നുള്ള മറ്റുള്ളവരുടെ ഹാജർ.