ന്യൂഡൽഹി: കീർത്തി ആസാദ് എംപിയെ ബിജെപി സസ്‌പെന്റ് ചെയ്തു. അരുൺ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ആസാദ് നടത്തിയതെന്ന് സസ്‌പെന്റ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. നേരത്തെ ജെയ്റ്റ്‌ലിക്കെതിരെ വാർത്താ സമ്മേളനം നടത്തരുതെന്ന ആവശ്യം കീർത്തി ആസാദ് തള്ളിയിരുന്നു. അമിത് ഷായുടെ ശാസന തള്ളി പത്രസമ്മേളനം നടത്തിയ കീർത്തി ആസാദ് ജയ്റ്റ്‌ലിക്കെതിരായ തെളിവുകൾ പുറത്തുവിടുകയും സിബിഐ അന്വേഷണം വേണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മോദിയുടെ ഏറ്റവും വിശ്വസ്തനായ ധനമന്ത്രി അരുൺ ജയ്റ്റിലിക്കെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ അഴിമതിയാരോപണം ഉയർന്നതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു. പാർലമെന്റിന് പുറത്ത് ആരോപണം ഉന്നയിച്ച കീർത്തി ആസാദ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ രണ്ടുതവണ വിഷയം ഉയർത്തിക്കൊണ്ടുവന്നത് സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ വെട്ടിലാക്കി. ഇതോടെയാണ് പാർലമെന്റ് സമ്മേളനം അവസാനിച്ച് തൊട്ടുപിന്നാലെ കീർത്തി ആസാദിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടിൽ അരുൺ ജയ്റ്റിലിയുടെ പേര് കീർത്തി ആസാദ് ഇതുവരെ നേരിട്ട് ഉന്നയിച്ചിട്ടില്ല. ആരോപണം മുഴുവൻ അസോസിയേഷന്റെ പ്രവർത്തനങ്ങളെ കുറിച്ചാണ്. പക്ഷെ 2008 മുതൽ 13 വരെ ഡിഡിസിഎയെ നയിച്ചത് ആരാണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ എന്ന് കീർത്തി ആസാദ് ലോക്‌സഭയിൽ വ്യക്തമാക്കി. പേര് പറയാതെ തന്നെ ജയ്റ്റിലിയിലേക്ക് വിരൽ ചൂണ്ടുന്ന പ്രയോഗമാണ് നടത്തിയത്. ലോക്‌സഭയിൽ കീർത്തി ആസാദ് വിഷയം ഉന്നയിക്കുമ്പോൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ബിജെപിയുടെ മുതിർന്ന നേതാക്കളാരും മുതിർന്നില്ല.

2013 വരെ 13 വർഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഎപിയും ബിജെപി എംപിയായ കീർത്തി ആസാദ് ഉന്നയിച്ചത്. ഇല്ലാത്ത കമ്പനികളുടെ പേരിൽ ചെയ്യാത്ത ജോലികൾക്ക് വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ തട്ടിയെടുത്തതിന്റെ വിവരങ്ങളാണ് ജയ്റ്റ്‌ലിക്കെതിരെ മുൻ ക്രിക്കറ്റ് താരം കൂടിയായ കീർത്തി ആസാദ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യം നേതൃത്വം നൽകുന്ന അന്വേഷണ കമീഷനെ ഡൽഹി സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ജയ്റ്റ്‌ലിയെ ആസാദ് ട്വറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പ്രിയപ്പെട്ട അരുൺ ജെയ്റ്റിലി എനിക്ക് നപുംസകങ്ങളെ ഭയമില്ലെന്ന് കീർത്തി ആസാദ് ട്വീറ്റ് ചെയ്തതാണ് എറ്റവും ഒടുവിൽ ഉണ്ടായത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ആവശ്യപ്പെട്ട് ജെയ്റ്റിലിയെ വെല്ലുവിളിച്ചതിന് പുറമെയാണ് നപുംസക ട്വീറ്റ് വന്നത്. എന്നാൽ ആ ട്വീറ്റ് തന്റെതല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായും പിന്നീട് കീർത്തി ആസാദ് അറിയിച്ചത്.