- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ, ബുള്ളറ്റ് ട്രെയിൻ പദ്ധതികളെ ഒരേ നിലയിൽ കാണാനാകില്ല; കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയെ ആധുനികീകരിക്കുന്ന പദ്ധതി; വിമർശനങ്ങൾ തള്ളി സിൽവർ ലൈനിനു വേണ്ടി വാദിച്ച് കിസാൻസഭ
ന്യൂഡൽഹി: വിമർശനങ്ങൾ തള്ളി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് ഇറങ്ങാൻ അഖിലേന്ത്യാ കിസാൻസഭയുടെ തീരുമാനം. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയെ ആധുനികീകരിക്കുന്ന പദ്ധതിയെന്നു പ്രഖ്യാപിച്ചാണ് കിസാൻസഭയുടെ നീക്കം. സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് ഹൈദരാബാദിൽ ചേർന്ന കിസാൻസഭ ദേശീയ കൗൺസിൽ പ്രമേയവും പാസാക്കി.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും സിൽവർ ലൈൻ, ബുള്ളറ്റ് ട്രെയിൻ പദ്ധതികളെ ഒരേ നിലയിൽ കാണാനാകില്ലെന്നും അഖിലേന്ത്യ കിസാൻസഭ കിസാൻ കൗൺസിൽ യോഗം വ്യക്തമാക്കി. ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മനുഷ്യവിഭവശേഷിയാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇത് ഫലപ്രദമായി വിനിയോഗിക്കാൻ യാത്രാസമയം കുറയ്ക്കണം.
ഇതിനുള്ള പ്രധാന ചുവടുവയ്പാണ് സിൽവർ ലൈനെന്നും -കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു
മഹാരാഷ്ട്രയിൽ ഭൂപരിഷ്കരണം നടപ്പാക്കിയിട്ടില്ല. കൃഷിയെമാത്രം ആശ്രയിച്ച് കഴിയുന്നവർക്ക് ജീവിതമാർഗം ഉറപ്പാക്കാതെയാണ് പദ്ധതി. സ്വാഭാവികമായും ആദിവാസികളിൽനിന്ന് അടക്കം എതിർപ്പുണ്ടാകും. കേരളത്തിന്റെ കാർഷികമേഖല വളരണമെങ്കിൽ വിളകളിൽ അധിഷ്ഠിതമായ വ്യവസായങ്ങളുണ്ടാകണം. ഇതിനും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്. കേരളത്തിലെ യുവജനങ്ങളുടെ ശോഭനമായ ഭാവിക്കും പദ്ധതി ഗുണമാണ്.
മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരേ കിസാൻസഭയും സിപിഎമ്മും പരസ്യവിമർശനമുന്നയിച്ചത് ചർച്ചയായിരിക്കേയാണ് സിൽവർ ലൈനിനെ അനുകൂലിച്ചുകൊണ്ടുള്ള സംഘടനയുടെ പ്രമേയം. മഹാരാഷ്ട്രയിലെ സാമൂഹിക-സാമ്പത്തിക-കാർഷികസാഹചര്യം കേരളത്തെപ്പോലെയല്ലെന്നും പി. കൃഷ്ണപ്രസാദ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാൽഗഢ് മേഖലയിൽ ഭൂരിപക്ഷവും ആദിവാസികളാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ വലിയതോതിൽ നഗരവത്കരണം നടക്കുന്നു. ഈ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് സിൽവർ ലൈൻ പദ്ധതി. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ കഴിയണം.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയശക്തികളും പ്രതിപക്ഷവും ബിജെപി.യും ഒറ്റക്കെട്ടായി പദ്ധതിയെ എതിർക്കുന്നു. വിമർശിക്കുന്നവരിൽ പലർക്കും നിക്ഷിപ്തതാത്പര്യമുണ്ട്. പദ്ധതിയെ എതിർത്ത പരിസ്ഥിതിപ്രവർത്തക മേധാ പട്കറുടെ നിലപാടിനോട് കിസാൻസഭ വിയോജിക്കുന്നു.- പി. കൃഷ്ണപ്രസാദ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ