ന്യൂഡൽഹി: 100ാം ജയന്തിയിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസുകാരമനുമായിരുന്ന പിവി നരസിംഹറാവുവിനെ അനുസ്മരിക്കാൻ രാഹുൽഗാന്ധി മറന്നുപോയെന്ന് കേന്ദ്രസഹമന്ത്രി ജി കിഷൻ റെഡ്ഡി. ട്വീറ്റിലൂടെയാണ് ബിജെപി നേതാവിന്റെ രാഹുൽഗാന്ധിക്കെതിരെയുള്ള വിമർശനം. ജീവിതകാലം മുഴുവൻ അടിമുടി കോൺഗ്രസുകാരനായിരുന്നു നരസിംഹറാവു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രാഷ്ട്രീയ അസ്പൃശ്യത നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നൂറാം ജന്മവാർഷികമാണിന്ന്. അദ്ദേഹത്തിന് ആദരമർപ്പിച്ച് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ് ആരംഭിച്ചു. റാവുവിന്റെ രാഷ്ട്രീയ ജീവിതവും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഒരു വർഷം നീളുന്ന പരിപാടികളാണ് തെലങ്കാന സർക്കാർ മുൻപ്രധാനമന്ത്രിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ റാവുവിന്റെ ജീവിത യാത്ര കൂടാതെ, എല്ലാ പരിപാടികളും ഷെഡ്യൂളുകളും രജിസ്ട്രേഷൻ ഫോമുകളും ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും വാർത്താ ലേഖനങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓർഡറുകളും വെബ്‌സൈറ്റിൽ ലഭ്യമാക്കും.