കറുത്തമുത്ത് സീരിയലിലെ ഡോ ബാലചന്ദ്രനം അവതരിപ്പിക്കുന്ന കിഷോർസത്യ സീരിയലിൽനിന്ന് പിന്മാറുന്നു. ചന്ദനമഴ സീരിയലിൽ നിന്ന് മേഘ്ന എന്ന നടി പിന്മാറിയതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തു വരുന്നത്. എന്നാൽ കിഷോർസത്യ പ്രതിഫലം കൂട്ടിച്ചോദിച്ചെന്നു പോലും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. സീരിയലിൽ നിന്ന് ഒരു കഥാപാത്രം മാറുമ്പോൾ എന്തിനാണ് നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്നാണ് നടൻ കിഷോർ സത്യ ചോദിക്കുന്നത്.

കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭര്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നതുകൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അതുകൊണ്ട് തന്നെയാണ് പടിയിറക്കം.

പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും. സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി'' കിഷോർ സത്യ പറയുന്നു.

ജിത്തുജോസഫിന്റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന 'ലക്ഷ്യം' സിനിമയിൽ ബിജുമേനോൻ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ കിഷോർ സത്യയും എത്തുന്നുണ്ട്.