കോതമംഗലം: വെള്ളത്തിൽ ഒരുവട്ടം അവന്റെ മുഖം കണ്ടു. അടുത്ത നിമിഷം കാണുന്നത് പ്രായം കുറഞ്ഞ സ്ത്രീ കാൽതെറ്റി വെള്ളത്തിൽ പതിക്കുന്നതാണ്. ഉടൻ വെള്ളത്തിലേയ്ക്ക് ചാടി, മുട്ടിലിരുന്ന് ഇവരെയും വലിച്ചുകയറ്റി, പാറപ്പുറത്തെത്തിച്ചു. അപ്പോഴേയ്ക്കും അവശനായിരുന്നു. കാൽമുട്ടുകൾ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിൽ വീട്ടിൽ വിശ്രമത്തിലാണ്. വനമധ്യത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ മരണത്തെ മുഖാമുഖം കണ്ട വിനോദയാത്ര സംഘത്തിലെ 12 കാരനെയും ഇവരുടെ ബന്ധുവായ യുവതിയെയും രക്ഷിച്ചതിനെക്കുറിച്ച് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ പിണ്ടിമന സ്വദേശി കിഷോർ തോപ്പിലിന്റെ വിവരണം ഇങ്ങിനെ.

കഴിഞ്ഞ ഞായറാഴ്ച 12 .30 തിനോടടുത്തായിരുന്നു അപകടം. മൂവാറ്റുപുഴ രണ്ടാർകര സ്വദേശിനി നിസയും ഇവരുടെ ബന്ധുവായ 12 കാരനുമാണ് വെള്ളത്തിൽ പതിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരിൽ ചിലർ ഡ്രൈവർക്ക് സ്വീകരണം ഒരുക്കാൻ തീരുമാനിക്കുകയും ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞദിവസം വിവവരം പുറത്തുവന്നത്. കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുള്ള 'ജംഗിൾ സഫാരി'ബസ്സിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

ആന ചാടിയാൽ പോലും രക്ഷപെടാറില്ലന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്ന കയത്തിൽ പൊലിയുമായിരുന്ന രണ്ട് ജീവനുകളാണ് കിഷോറിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം രക്ഷപെട്ടത്. രണ്ടു തട്ടായിട്ടാണ് ഇവിടെ വെള്ളം താഴേയ്ക്ക് പതിക്കുന്നത്. ഏതാണ്ട് 7 അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം കുറച്ചുദൂരം പരന്നുകിടക്കുന്ന പാറപ്പുറത്തുകൂടി ഒഴുകി പതിക്കും. വെള്ളം നിരന്നൊഴുകുന്ന ഭാഗത്തും ഇരുവശങ്ങളിലു നന്നായി വഴുക്കലുണ്ട്്. ഇതുവഴി നടക്കുമ്പോൾ തെന്നിവീണാണ്് 12 കാരൻ വെള്ളത്തിൽ പതിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബന്ധുവായ യുവതിയും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു.

കിഷോറിന്റെ കൈകളിൽ നിന്നും വഴുതിപ്പോയിരുന്നെങ്കിൽ ഇവർ ഗർത്തിൽ പതിക്കാൻ സാധ്യതയുണ്ടായിരുന്നെന്നാണ് സംഭവത്തിന് ദൃസാക്ഷികളായവർ പറയുന്നത്. ഈ വള്ളച്ചാട്ടത്തിൽ പതിച്ചാൽ മൃതദ്ദേഹം പോലും ലഭിക്കാൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വെള്ളച്ചാട്ടത്തിൽ നിന്ന് കരയ്ക്ക് കയറിയപ്പോൾ കാലിന്റെ മുട്ടുകൾക്ക് വേദന തോന്നിയിരുന്നു.ഇത് വകവയ്ക്കാതെ വീണ്ടും ബസ്സ് ഓടിച്ചു. വൈകുന്നേരമായപ്പോഴേയ്ക്കും കാലിൽ നീരുവയ്ക്കാൻ തുടങ്ങി. ട്രിപ്പ് അവസാനിപ്പിച്ച ശേഷം ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ചതവുണ്ടെന്ന് വ്യക്തമായത്.

ഇതെത്തുടർന്നിപ്പോൾ മെഡിക്കൽ ലീവിലാണ്. മാതൃക ഡ്രൈവർ ഉൾപ്പെടെ കെ എസ് ആർ ടി സിയിൽ നിന്നും നിരവധി ബഹുമതികൾ കിഷോറിന് ലഭിച്ചിട്ടുണ്ട്്. കോതമംഗലത്തുനിന്നും ആരംഭിച്ച് കുട്ടമ്പുഴ, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, പെരുമ്പൻകുത്ത്, ലക്ഷി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തുന്ന രീതിയിലാണ് സഫാരി യാത്ര ക്രമീകരിച്ചിട്ടുള്ളത്. പെരുമ്പൻകുത്ത് ജംഗ്ഷനിൽ നിന്നും 400 മീറ്ററോളം അകലെ വനത്തിനുള്ളിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് വാഹനസൗകര്യം ഇല്ല. ജംഗ്ഷനിൽ ബസ്സ് നിർത്തിയ ശേഷം കെ എസ് ആർ ടി സി ജീവനക്കാർ യാത്രക്കാരെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോകുകയാണ് പതിവ്.

കഴിഞ്ഞ ഞായറാഴ്ച ജംഗിൾ സാഫാരി ട്രിപ്പിൽ 5 ബസുകളുണ്ടായിരുന്നു.രണ്ടാർകരയിൽ നിന്നുള്ളവർ പ്രത്യേക ഗ്രൂപ്പായി ബുക്കു ചെയ്യുകയായിരുന്നു. ജനുവരി 31 വരെയുള്ള ദിവസങ്ങളിലെ യാത്രകൾ ഇതിനകം ബുക്കിങ് പൂർത്തിയായികഴിഞ്ഞതായിട്ടാണ് സൂചന. ഇപ്പോൾ മെഡിക്കൽ ലീവിലുള്ള കിഷോറിന് വരും ദിവസങ്ങളിൽ ആദരവ് നൽകുവാനുള്ള ഒരുക്കത്തിലാണ് മുവാറ്റുപുഴ രണ്ടാർ നിവാസികൾ.