സിനിമയെ സംബന്ധിച്ചിടത്തോളം ചില ചിത്രങ്ങൾ കാലത്തിന് മുന്നേ സഞ്ചരിക്കാറുണ്ട് അങ്ങനെ എടുത്ത പറയേണ്ട കഥാമൂല്യവും സാമൂഹിക പ്രസക്തിയും ഉയർത്തിപ്പിടിച്ച വിരലിൽ എണ്ണാവുന്ന സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ സന്ദേശവും, രാജീവ് അഞ്ചലിന്റെ ഗുരുവും എല്ലാം ഈ ഗണത്തിൽ പെടുത്താവുന്ന ചുരുക്കം ചില സിനിമകളാണ്. ഇത്തരം സിനിമകൾ തിയേറ്ററിൽ പരാജയപ്പെടുന്നതാണ് പതിവ്.

ആ ഗണത്തിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ ഷാനവാസ് ബാവക്കുട്ടി എന്ന നവാഗഥ സംവിധായകൻ സംവിധാനം ചെയ്ത കിസ്മത്ത് എന്ന സിനിമയാണ്.ഇറങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായെങ്കലും കാലത്തിന് മുന്നേ സഞ്ചരിച്ച ആ സിനിമ അന്ന് പറഞ്ഞതിന്റെ റിയലസ്റ്റിക്ക് പതിപ്പാണ് കോട്ടയം മാന്നാനത്ത് അരങ്ങേറിയത്.
തിയേറ്ററുകളെ കിടിലം കൊള്ളിക്കുന്ന ബോക്സ് ഓഫീസ് വിജയമായിരുന്നില്ലെങ്കിലും രാഷ്ട്രീയം പറഞ്ഞ റിയലിസ്റ്റിക്ക് സിനിമയായിരുന്നു കിസ്മത്ത്. ദളിത് പെണ്ണിനെ പ്രണയിച്ച മുസ്ലിം പയ്യന്റെ കഥയാണ് ആ ചിത്രം കൈകാര്യം ചെയ്തത്.

കുടുംബക്കാരെ പേടിയാണ് ഞങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിസ്മത്തിലെ കഥാപാത്രങ്ങളായ ഇർഫാനും അനിതയും പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രം അന്ന് അവരോട് പറഞ്ഞ മറുപടി കേരളത്തിലെ 90 ശതമാനം പൊലീസുകാരുടെയും മനസ്സിലിരുപ്പാണ്. ഇത് തന്നെയാണ് തന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി കേണപേക്ഷിച്ച നീനുവിനോടും കേരളത്തിന്റെ മാതൃക പൊലീസ് കാണിച്ചത്. ഈ കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചക്ക് തിരിച്ചു നൽകാനാകുമോ ഒരു ജീവൻ.

കിസ്മത്തിലെ ഈ ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ പാരഡീസോ ക്ലബിൽ വന്ന പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ പരന്നിട്ടുണ്ട്.

കിസ്മത്തിലെ ഡയലോഗ്

എന്താ നിന്റെ പേര്..?

ഇർഫാൻ..

നിന്റെയോ ?

അനിത..

നീ എസ്.സിയാ?

അതെ..

നീ മുസ്ലിം ?

സർ ജാതി ഒന്നും നോക്കീട്ടല്ല ഞങ്ങൾ ഇഷ്ടപ്പെട്ടത്..

ഓഹോ അപ്പോ ജാതി ഒന്നും ഇല്ലാണ്ടാക്കാൻ വേണ്ടീട്ടാണോ ഈ പ്രേമം.. ??

നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പൊലീസ്...

സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയുടെ പ്രതികരണം