കൊച്ചി: സദാചാര പൊലീസിനെതിരെ മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജ് തിരികെയെത്തി. ചുംബനസമരത്തിനുശേഷം പേജ് അപ്രത്യക്ഷമായത് വലിയ വാർത്തയായിരുന്നു. കൂട്ടായ്മയുടെ അഡ്‌മിൻസ് ഫേസ്‌ബുക്കുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് പേജിനുണ്ടായ താൽക്കാലിക വിലക്ക് നീക്കിയത്. മുക്കാൽ ലക്ഷത്തോളം പേർ അംഗങ്ങളായ കമ്യൂണിറ്റി പേജ് ആണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഇന്ന് രാവിലെയാണ് കിസ് ഓഫ് ലവിന്റെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായത്. പേജ് ഹാക്ക് ചെയ്തതാണെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. എതിരാളികൾ റിപ്പോർട്ട് ചെയ്തതാവാമെന്ന സൂചനകളുമുണ്ടായിരുന്നു. തുടർന്ന് അഡ്‌മിൻസ് ഫേസ്‌ബുക്കുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ ഫേസ്‌ബുക്ക് അധികൃതർക്ക് വിശദീകരിച്ചതിനെ തുടർന്നാണ് പേജ് തിരിച്ചു വന്നത്. പേജ് തങ്ങളുടെ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നു എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഫേസ്‌ബുക്ക് ഈ പേജ് താൽക്കാലികമായി തടഞ്ഞുവച്ചത്. സമരത്തിന് എതിരായ സംഘടനകളിൽ പെട്ടവരാണ് ഫേസ്‌ബുക്കിന് ഇത് റിപ്പോർട്ട് ചെയ്തതെന്ന് കരുതുന്നു.

ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്ത ഉടനെ തന്നെ മറ്റൊരു പേജ് ഫേസ്‌ബുക്കിൽ കിസ് ഓഫ് ലവ് പ്രവർത്തകർ ആരംഭിച്ചിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ പുതിയ പേജിന് 2500 ഓളം ലൈക്കുകൾ ലഭിച്ചിരുന്നു.

കോഴിക്കോട് ഡൗൺടൗൺ റസ്റ്റോറന്റ് സദാചാര പ്രശ്‌നം ആരോപിച്ച് യുവമോർച്ച തകർത്ത സംഭവത്തിനോടുള്ള ഓൺലൈൻ പ്രതിഷേധത്തിന്റെ ഭാഗമാണ് കൂട്ടായ്മ രൂപം കൊണ്ടത്. ഇവിടെ ചിലർ ചുംബിക്കുന്ന ദൃശ്യങ്ങളാണെന്ന് പറഞ്ഞ് ഒരു ചാനൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയാണ് റസ്റ്റോറന്റ് ആക്രമിക്കപ്പെട്ടത്. ഇതിനെതിരായ ഫേസ്‌ബുക്ക് പ്രതിഷേധങ്ങൾക്കിടെയാണ് കിസ് ഓഫ് ലവ് എന്ന കൂട്ടായ്മ രൂപം കൊണ്ടത്. ഇതിന്റെ പ്രവർത്തനങ്ങളല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് കിസ് ഓഫ് ലവ് ഫേസ്‌ബുക്ക് പേജിലൂടെയാണ്. ഈ പേജാണ് സമരം വിവാദമായതിന് തൊട്ടു പിന്നാലെ നീക്കം ചെയ്യപ്പെട്ടത്. പേജ് നീക്കം ചെയ്യപ്പെട്ട കാര്യവും ഫേസ്‌ബുക്കിൽ വലിയ ചർച്ചയായിരുന്നു.