തിരുവനന്തപുരം:മമ്മൂട്ടി ആരാധകർ മാസങ്ങളായി കാത്തിരുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. ആദ്യ ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സിനിമയുടെ നിരൂപണങ്ങൾ പ്രവാഹമാണ്. കട്ട ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ചിത്രം മാത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .അതിനിടെയാണ് വിവാദ നായിക രശ്മി നായർ എഴുതിയ ഒരു റിവ്യൂ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. രശ്മി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടതിന് ശേഷം എഴുതിയ റിവ്യൂ മമ്മൂട്ടി ഫാൻസിന് കടുത്ത അമർഷമാണുണ്ടാക്കിയിരിക്കുന്നത്.'ഗ്രേറ്റ് ഫാദർ , മൈ റിവ്യൂ' എന്ന തലക്കെട്ടോടെയാണ് രശ്മി നായരുടെ ഫേസ്‌ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തീയേറ്ററിലെ എസി നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സീറ്റുകൾ നല്ല നിലവാരം പുലർത്തി!ടിക്കറ്റ് കീറിത്തന്ന കൗണ്ടറിലെ ചേട്ടന്റെ പെർഫോമൻസും പാർക്കിങ്ങിൽ സ്ലോമോഷനിൽ റിവേഴ്സ് ഇടാൻ കൈയും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമയ്ക്ക് മുതൽക്കൂട്ടാണെന്നാണ് രശ്മി പറയുന്നത്.

പോപ്പ് കോൺ കൗണ്ടർ തുറക്കാതിരുന്നതും മൊട്ട പഫ്സിന് എരിവ് കൂടിയതും കുട്ടികളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാലും ഫാമിലി പ്രേക്ഷകരം മുമ്പിൽ കണ്ട് ഒരുക്കിവച്ച സമൂസ ആ കുറവുകൾ മറികടക്കാൻ സഹായിക്കുമത്രെ.ഇന്റർവെൽ സമയത്ത് കാണിച്ച പരസ്യങ്ങളുടെ ബിജിഎം മനംമയക്കുന്നതായിരുന്നു എന്നാണ് അടുത്തത്! പക്ഷേ സിനിമയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. ടിക്കറ്റ് വാങ്ങി ബാൽക്കണിയിലേക്ക് കയറുന്ന കോറിഡോറിൽ ഉള്ള സിസിടിവി ക്യാമറയുടെ ആംഗിൾ മലയാളത്തിൽ ഇത്രയും സ്‌റ്റൈലിഷ് ആയി ഒരു തീയറ്ററിലും സെറ്റ് ചെയ്തിട്ടുണ്ടാകില്ല.

ദേശീയഗാനം കേട്ടുതുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റുനിന്ന ജനകൂട്ടത്തെ കണ്ടപ്പോൾ തന്നെ പടം ബ്ലോക്ക് ബസ്റ്റർ ആണെന്ന് ഉറപ്പിച്ചു. എന്നാലും നരേന്ദ്രമോദി വന്നപ്പോൾ ആ ആവേശം കൂവലായി മാറിയത് പടത്തെ ബാധിക്കാൻ സാധ്യതയുണ്ട്.എന്റെ അടുത്ത സീറ്റിലിരുന്നു ലയ്‌സ് വേണമെന്ന് കരഞ്ഞ കുട്ടി നിലനിൻക്കുന്ന പോപ്‌കോൺ കപ്പലണ്ടി സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന ന്യൂ ജെനറേഷൻ മേക്കിങ് ആയിരുന്നു.


ഇടയ്ക്കു ബാത്രൂമിൽ പോയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ. തുടക്കം മുതൽ ഒടുക്കം വരെ കയ്യടക്കത്തോടെ നിർമ്മിച്ചിരിക്കുന്ന ക്ലോസെറ്റുകൾ ഫ്‌ലഷ് ഓൺ ചെയ്യ്തു തിരികെ നടക്കുമ്പോൾ ആ ബാത്രൂം നമ്മുടെ ഉള്ളിൽ മായാതെ നിൽക്കും. ഒടുവിൽ പുറത്തിറങ്ങി വണ്ടിയിൽ കയറാൻ നേരം സെക്യൂരിറ്റി നൽകുന്ന ചിരി മറ്റൊരു ക്ലൈമാക്‌സിലും കാണാൻ കഴിയില്ല.റേറ്റിങ് മൊട്ട പപ്‌സ് - 2.5/5 (എരിവു ആയിരുന്നു ) സമൂസ -4/5 മിനറൽ വാട്ടർ -4.5/5 പോപ്‌കോൺ -കിട്ടിയില്ല

ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ പോയി കണ്ടു അനുഭവിക്ക് എന്ന് പറഞ്ഞാണ് രശ്മി തന്റെ 'സിനിമ റിവ്യു' അവസാനിപ്പിക്കുന്നത്.