തിരുവനന്തപുരം: വാലന്റൈൻസ് ദിനത്തിൽ പൊതുനിരത്തിൽ കെട്ടിപ്പിടിക്കാൻ ഇറങ്ങിയാൽ അവരെ വിവാഹം കഴിപ്പിക്കുമെന്നാണ് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുക്കുന്നത്. ഇങ്ങനെ സദാചാര പൊലീസിംഗിന് ഇറങ്ങിതിരിച്ച ഹിന്ദു മഹാസഭയ്ക്ക് പണികൊടുക്കാൻ സോഷ്യൽ മീഡിയ രംഗത്തെത്തി. 'ഇജ്ജ് ഒരു പ്രേമ ലേഖനം എഴുതാൻ ബെരുന്നോ' എന്ന പേരിലാണ് സോഷ്യൽ മീഡിയ സമരത്തിന് ഇറങ്ങുന്നത്.

പ്രണയിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം. 'ഇജ്ജ് ഒരു പ്രേമ ലേഖനം എഴുതാൻ ബെരുന്നോ' എന്ന പേരിൽ ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 13 രാത്രി പന്ത്രണ്ട് മണി മുതൽ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണിവരെ ഫേസ്‌ബുക്ക് വാളുകൾ പ്രണയ ലേഖനം കൊണ്ട് നിറയ്ക്കമെന്നാണ് ഓൺലൈൻ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

പ്രണയദിനത്തിൽ ഫേസ്‌ബുക്കിൽ സ്‌നേഹ സന്ദേശം കുറിക്കുന്നവരെ പിടിച്ച് കെട്ടിക്കുമെന്നും പൊതു സ്ഥലത്ത് പനിനീർ പൂവുമായി നിൽക്കുന്ന യുവാക്കൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഹിന്ദുമഹാസഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് പ്രണയലേഖന സമരം ഒരുക്കിയിരിക്കുന്നത്.

കിസ് ഓഫ് ലവിന്റെ അണിയറ ശിൽപ്പിക്കൾ തന്നെയാണ് ഇങ്ങനെയൊരു സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളതും. കിസ് ഓഫ് ലവ് പ്രവർത്തകർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

അതായത് ഫെബ്രുവരി 13 രാത്രി പന്ത്രണ്ട് മണിമുതൽ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണിവരെ നമുക്ക് പ്രണയലേഖനങ്ങൾ കൊണ്ട് ഫേസ്‌ബുക്ക് വാളുകൾ നിറയ്ക്കാം. അതിന്റെ മധുര തീക്ഷണതയിൽ അസഹിണുതകളുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നടിയട്ടെ. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ സങ്കീർണവഴികളിലെ ഒരു നിർണ്ണായകഘട്ടമായി വരുന്ന വാലന്റൈൻസ്‌ഡേയെ മാറ്റിയെടുക്കാം. സോഷ്യൽ നെറ്റുവർക്കുകൾ ഫാസിസ്‌റുകളിൽ നിന്ന് തിരികെ പിടിച്ചെടുക്കേണ്ടതുണ്ട്. ശക്തമായ പ്രതിരോധ ഭാഷകൾ ആർദ്രകമായി പെയ്തിറങ്ങട്ടെ. ഇശലിന്റെ തേന്മഴകൾ പെയ്തിറങ്ങുന്ന പ്രണയ ലേഖനങ്ങൾ ഒഴുകി പരക്കട്ടെ. ഫാസിസത്തിന്റെ കണ്ണുതുളച്ച് കയറട്ടെ നമ്മുടെ വരികൾ.. പ്രണയസ്മരണകളും...