പ്രതിഷേധക്കാർക്കും അടിച്ചമർത്തൽ വിദഗ്ധരായ പൊലീസുകാർക്കുമെതിരെ പുതിയ സമരമുറയുമായി ചുംബനസമരക്കാർ. ഏഴ് ദിവസങ്ങൾ നീളുന്ന കാമ്പെയ്‌നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ തുടക്കം കുറിച്ചത്.

കിസ് ഓഫ് ലവിന്റെ രണ്ടാം ഘട്ട സമരം കോഴിക്കോടു നടത്തിയപ്പോൾ ഹനുമാൻ സേന സമരക്കാരെ ആക്രമിച്ചിരുന്നു. ആക്രമണത്തിനു മൗനാനുവാദം എന്ന നിലയിൽ പൊലീസുകാർ ഇക്കാര്യത്തിൽ ഇടപെട്ടതുമില്ല. ഇതിനെത്തുടർന്നാണ് പുതിയ സമരമുറയുമായി കിസ് ഓഫ് ലവിന്റെ അണിയറക്കാർ എത്തുന്നത്.

ഹനുമാൻ സേനക്കാർ ആക്രമിച്ചത് ഭക്ഷണവും വെള്ളവും കിട്ടാഞ്ഞിട്ടാകാമെന്നും അതിനാൽ വാനരന്മാരായി എത്തിയ സംഘപരിവാർ സംഘടനകൾക്കു വാഴപ്പഴും അയക്കുമെന്നും കിസ് ഓഫ് ലവിന്റെ ഫേസ്‌ബുക്ക് പേജിൽ പറയുന്നു. അവർ വയറു നിറയെ കഴിക്കട്ടെയെന്നും അങ്ങനെ സമാധാനപരമായി സമരം ചെയ്യുന്നവരുടെ രക്തം തെരുവുകളിൽ ചിന്തപ്പെടാതിരിക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിക്കുകയാണ് കിസ് ഓഫ് ലവ് പ്രവർത്തകർ.

സമരക്കാർക്ക് അടികിട്ടുന്നത് തടയൽ പൊലീസിന്റെ പണി അല്ലെന്നും, അടി കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നും പറഞ്ഞ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനെതിരെയും സമരക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്. നാട്ടിലെ കോടതികൾ ഉത്തരവിട്ട ചില സുപ്രധാന വിധിന്യായങ്ങളുടെ പകർപ്പും ഭരണഘടനയുടെ പ്രസ്‌കക്തഭാഗങ്ങളുടെ കോപ്പിയും ഒരു കവർ ലറ്റർ സഹിതം അയച്ചു കൊടുത്ത് ഏത് നിയമം സംരക്ഷിക്കാനാണ് അദ്ദേഹം ആ കസേരയിൽ ഇരിക്കുന്നത് എന്നൊന്ന് ഓർമിപ്പിക്കാനും പ്രക്ഷോഭക്കാർ അവസരമൊരുക്കുന്നു.

ഇവരുടെ വിലാസത്തിലേക്ക് ഇവയൊക്കെ അയച്ചുകൊടുക്കാനാണ് കിസ് ഓഫ് ലവ് പ്രവർത്തകർ ആവശ്യപ്പെടുന്നത. എന്തായാലും ചുംബനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ വാദഗതികൾ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് പുത്തൻ സമരരീതിയുമായി കിസ് ഓഫ് ലവിന്റെ അണിയറക്കാർ എത്തുന്നത്.