കോളജിൽ പോകുന്നത് പഠിക്കാൻ വേണ്ടി മാത്രമാണോ..? അത്യാവശ്യം പ്രേമവും ചുംബനവും ചുറ്റിക്കളിയുമൊന്നുമില്ലെങ്കിൽ കോളജ് ലൈഫും പ്രൈമറി വിദ്യാലയവും തമ്മിൽ എന്താണൊരു വ്യത്യാസം..? സിംബാബ്‌വെയിലെ സ്റ്റുഡന്റ്‌സ് യൂണിയനാണ് ഈ ചോദ്യങ്ങൾ അധികൃതർക്ക് നേരെ ഉയർത്തുന്നത്. രാജ്യത്തെ ഉയർന്ന സർവകലാശാലകളൊന്നിൽ ചുംബനം നിരോധിച്ചതിൽ മനം നൊന്ത് ശക്തമായ സമരപരിപാടികളുമായി കൗമാരക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു.

സർവകലാശാലയിലൊ പരിസരപ്രദേശങ്ങളിലോ ഹോസ്റ്റലിലോ ആണും പെണ്ണും ചുംബിക്കാനൊ ലൈംഗിക ബന്ധത്തിലേർപ്പെടാനോ മറ്റ് അടുത്തിടപഴകലുകൾ നടത്താനോ പാടില്ലെന്നറിയിച്ചു കൊണ്ടുള്ള സർക്കുലർ യൂണിവേഴ്‌സിറ്റി ഓഫ് സിംബാബ്‌വെ ഇറക്കിയതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ ഇതിനെതിരെ പോരാടാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഇതനുസരിച്ച് എതിർ ലിംഗത്തിലുള്ളവരെ തങ്ങളുടെ ഹോസ്റ്റൽ മുറികളിലേക്ക് വിളിച്ച് കൊണ്ടു പോകുന്നതിലും വിദ്യാർത്ഥികൾക്ക് വിലക്കുണ്ട്. ഇവർ ക്യാംപസിലെ ഇരുട്ടു നിറഞ്ഞ മേഖലകളിൽ ചെന്നിരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് നിലവിൽ വന്ന പുതിയ വിലക്കുകൾക്കെതിരെ വിദ്യാർത്ഥികൾ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് വിദ്യാർത്ഥി നേതാവ് ഗിൽബർട്ട് മുറ്റുബുക്കി പറയുന്നത്. സിംബാബ്‌വെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് അദ്ദേഹം. ഇത് പ്രായപൂർത്തിയായവർ പഠിക്കുന്ന സ്ഥാപനമാണെന്ന് അധികൃതർ മനസ്സിലാക്കണമെന്നും ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ സർവകലാശാലയെ പ്രാഥമിക വിദ്യാലയത്തിന്റെ തലത്തിലേക്ക് താഴത്തിയിരിക്കുകയാണെന്നും മുറ്റുബുക്കി പറഞ്ഞു. നോൺ റെസിഡൻഷ്യൽ സ്റ്റുഡന്റ്‌സിനെ ഹോസ്റ്റൽ മുറികളിലേക്ക് വിളിക്കുന്നത് നിരോധിച്ചതിലൂടെ സഹവർത്തിത്ത്വത്തിനുള്ള തങ്ങളുടെ അവകാശമാണ് നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിംബാബ്‌വെ സുരക്ഷാ നിയമങ്ങൾ കർക്കശമാക്കുന്നതിന് മുമ്പ് ഇവിടുത്തെ വിദ്യാർത്ഥികൾ ട്രേഡ് യൂണിയനുകൾക്കൊപ്പം ചേർന്ന് സർക്കാരിനെതിരെ സമരങ്ങൾ നടത്തുന്നത് പതിവായിരുന്നു.