- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റേഷൻ കിറ്റിൽ ഇടിച്ചു കയറ്റി സാധനങ്ങൾ; 25 സെന്റ് വരെ വയൽ നികത്താൻ അനുമതി; പ്രവാസികൾക്ക് സൗജന്യ കോവിഡ് ടെസ്റ്റ്; ശ്രീധര നിർമ്മിതിയായ പാലാരിവട്ടം പാലവും തുറക്കും; മത്സ്യ തൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ മണ്ണെണ്ണ; പെരുമാറ്റചട്ട പേടിയിൽ അതിവേഗ ഉത്തരവുകൾ; ഭരണ തുടർച്ചയ്ക്ക് കിറ്റ് രാഷ്ട്രീയം
കൊച്ചി: തദ്ദേശത്തിൽ കിറ്റാണ് നേട്ടമായതെന്നാണ് ഇടതു പക്ഷ വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിയമസഭയിലും 'കിറ്റ്' രാഷ്ട്രീയം ഇടതു സർക്കാർ നിറയ്ക്കും. ഇന്നലെ രാവിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ വൈകുന്നേരം വാർത്താ സമ്മേളനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ പിണറായിയും അതിവേഗം ചില തീരുമാനം എടുത്തു. വോട്ട് പെട്ടിയിലാക്കാനുള്ള തീരുമാനം. ആഴക്കടൽ അഴിമതി വിവാദത്തെ അറബിക്കടലിൽ എറിയാനുതകുന്ന തീരുമാനങ്ങൾ. പ്രധാനമന്ത്രി പറഞ്ഞ പ്രകാരം അടുത്ത മാസം 7നു ശേഷമേ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ എന്ന പ്രതീക്ഷയിലിരുന്നു സംസ്ഥാന സർക്കാർ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നറിഞ്ഞതോടെ മാറ്റിവച്ച തീരുമാനങ്ങൾ കൂടി തിടുക്കപ്പെട്ടു നടപ്പാക്കേണ്ട സ്ഥിതിയായി. ചില മന്ത്രിമാർ തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാൽ ഡിജിറ്റൽ ഒപ്പിട്ടു.
നെൽവയൽ തണ്ണീർത്തട നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത (ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത) 25 സെന്റ് വരെ വിസ്തീർണമുള്ള പാടമോ വയലോ, പുരയിടമോ പറമ്പോ ആക്കി മാറ്റാൻ ഫീസ് വേണ്ട എന്ന തീരുമാനവും വോട്ടിനായുള്ള തന്ത്രമാണ്. നിരവധി പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. വയലെല്ലാം കര വസ്തുവായി മാറുമെങ്കിലും വോട്ട് ഇടതിന് കിട്ടാനുള്ള മറ്റൊരു തന്ത്രമാണ് ഇത്. വയൽ നികത്തലിനെ എന്നും എതിർത്തവരാണ് രണ്ട് പറ വയലു വരെ കരഭൂമി ആക്കാൻ അവസരം കൊടുക്കുന്നത്. പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് സൗജന്യാമാക്കിയതും വോട്ട് ലക്ഷ്യമിട്ടാണ്.
റേഷൻ കടകൾ വഴി ഏപ്രിൽ മാസം നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തിയതും വോട്ട് ലക്ഷ്യമിട്ടാണ്. ഈസ്റ്റർ വിഷു തുടങ്ങിയ വിശേഷ അവസരങ്ങൾ കണക്കിലെടുത്താണിതെന്നാണ് സർക്കാർ വാദം. എന്നാൽ വോട്ടെടുപ്പ് മാസം കിറ്റിൽ സാധനങ്ങൾ കൂടും. ഒരു കിലോ ഗ്രാം വീതം പഞ്ചസാരയും ഉപ്പും ആട്ടയും, 500 ഗ്രാം വീതം കടലയും ചെറുപയറും ഉഴുന്നും, അര ലീറ്റർ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയിലയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കടുക് അല്ലെങ്കിൽ ഉലുവ, 2 സോപ്പ് എന്നിവയാണു കിറ്റിൽ ഉണ്ടാകുക.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്ന സാഹചര്യത്തിലാണു സർക്കാർ മുൻകൂട്ടി ഉത്തരവിറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരും മുൻപു കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ ഡിസംബറിലെ കിറ്റിന്റെ ഉത്തരവും ഇങ്ങനെ ഇറങ്ങിയിരുന്നു. ജനുവരി മുതൽ 9 സാധനങ്ങൾ ഉൾപ്പെട്ട കിറ്റാണു നൽകി വരുന്നത്. ഫെബ്രുവരിയിൽ മാത്രം ഇതിൽ 2 ഖാദി മാസ്‌ക് കൂടി ഉൾപ്പെടുത്തിയിരുന്നു. നെൽവയൽ തണ്ണീർത്തട നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത (ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത) 25 സെന്റ് വരെ വിസ്തീർണമുള്ള പാടമോ വയലോ, പുരയിടമോ പറമ്പോ ആക്കി മാറ്റാൻ ഫീസ് വേണ്ടെന്ന തീരുമാനവും സർക്കാർ ആലോചിച്ച് എടുത്തതാണ്. 2017 ഡിസംബർ 30 വരെ പുരയിടമോ പറമ്പോ (സ്വാഭാവിക വ്യതിയാനം അഥവാ തരം മാറ്റൽ) ആയി മാറ്റപ്പെട്ട ഭൂമിക്കാണ് ഈ ഫീസ് സൗജന്യം.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ പാലാരിവട്ടം മേൽപാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നുകൊടുക്കാൻ സാധ്യതയുണ്ട്. അവസാനവട്ട പണികൾ തീർത്തു മാർച്ച് 5നു പാലം കൈമാറിയാൽ അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണു മരാമത്തു വകുപ്പ് പരിശോധിക്കുന്നത്. പാലത്തിലെ ഭാര പരിശോധന ഇന്നു തുടങ്ങും. 2 സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിർത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിക്കും. അനുവദനീയമായ പരിധിക്കുള്ളിലാണു വ്യതിയാനങ്ങളെങ്കിൽ ഭാര പരിശോധന തൃപ്തികരമാകും. മാർച്ച് നാലോടെ ഭാര പരിശോധനാ റിപ്പോർട്ട് ലഭിക്കും.
ജനുവരി 21നുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധി അനുസരിച്ച് ഇതു സംബന്ധിച്ചു റവന്യു വകുപ്പ് ഉത്തരവിറക്കി. 2017 ഡിസംബർ 30 വരെ ഒന്നായിക്കിടന്ന ഭൂമി അതിനു ശേഷം തിരിച്ച് 25 സെന്റോ അതിനു താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിട്ടുണ്ടെങ്കിൽ ഈ സൗജന്യം ലഭിക്കില്ല. അവ ഒന്നായി കണക്കാക്കി ഫീസ് ഈടാക്കും. 25 സെന്റിലും കൂടുതൽ വിസ്തൃതിയുള്ളതും വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ പാടമോ വയലോ പുരയിടമാക്കി മാറ്റാനുള്ള ഫീസ് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്ന വ്യത്യാസമില്ലാതെ ഏകീകരിക്കുകയും ചെയ്തു. 25 സെന്റിനു മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക്, ന്യായവിലയുടെ 20% ആയിരിക്കും തരം മാറ്റാനുള്ള ഫീസ് നിരക്ക്. തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിർമ്മാണത്തിന് നിലവിലുള്ള നിരക്ക് തുടരും. ഭേഗദതികൾക്ക് ഈ മാസം 25 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി.
ഇതിനൊപ്പം പല അതിവേഗ തീരുമാനങ്ങളും ഇന്നലെ എടുത്തു. 26 കോടി ചെലവിട്ട് പാലക്കാട് ഒറ്റപ്പാലത്തു നിർമ്മിക്കുന്ന കോർട്ട് കോംപ്ലക്‌സ് പദ്ധതിക്കുള്ള അനുമതിക്കു മന്ത്രി ഡോ. തോമസ് ഐസക് പാലക്കാട് ഗെസ്റ്റ് ഹൗസിൽ വച്ചാണ് ഡിജിറ്റൽ ഒപ്പിട്ടത്. മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് 10 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുമെന്നും മാർച്ച് മുതൽ 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചത് വൈകിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് പത്രസമ്മേളനം വിളിച്ചാണ്.
കണ്ണൂർ മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ 6.35 കോടി രൂപയുടെ സിഎസ്ആർ ഫണ്ടിൽ നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെയും സ്മാർട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം നാളെയാണു തീരുമാനിച്ചതെങ്കിലും പ്രഖ്യാപനത്തെക്കുറിച്ചു സൂചന ലഭിച്ചതോടെ ഇന്നലെ മൂന്നരയ്ക്ക് കെ.കെ. രാഗേഷ് എംപി നിർവഹിച്ചു. കണ്ണൂർ പിലാത്തറയിൽ ഇന്നു നടത്താൻ തീരുമാനിച്ചിരുന്ന കെഎസ്ഇബി സബ് സെന്റർ ഉദ്ഘാടനം ടി.വി. രാജേഷ് എംഎൽഎ ഇന്നലെ 4നു നടത്തി. കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും 2016 മുതലുള്ള ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതു കാരണം നവംബർ മുതൽ 1500 രൂപ വീതം ഇടക്കാലാശ്വാസം ജീവനക്കാർക്ക് നൽകുന്നുണ്ട്. ഇതിനു പുറമേയാണിത്. ജീവനക്കാർക്ക് 3 ഗഡുക്കളും പെൻഷൻകാർക്ക് 2 ഗഡുക്കളുമാണ് അനുവദിച്ചത്.
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവുകൾ ഇന്നലെയാണ് ധൃതി പിടിച്ചിറക്കിയത്. ഡസൻ കണക്കിന് ഉത്തരവുകളാണ് പെരുമാറ്റച്ചട്ടം മറികടക്കാൻ 2 ദിവസംകൊണ്ട് പുറപ്പെടുവിച്ചത്. സമൂഹ മാധ്യമ പ്രചാരണത്തിന് 26.52 ലക്ഷം ചെലവഴിക്കാനുള്ള അനുമതി, ഡിജിറ്റൽ മീഡിയ ക്യാംപെയ്ൻ നടത്താൻ കൺസെപ്റ്റിന് അനുമതി തുടങ്ങിയവ ഇതിലുണ്ട്. ഊർജ വകുപ്പിൽ അനെർട്ടിന്റെ പുനഃസംഘടനയ്ക്കായി സിഎംഡിയുടെ റിപ്പോർട്ട് തുടങ്ങിയവയും ഉത്തരവായി വന്നു. നിലം നികത്തുന്നതിനുള്ള ഫീസ് കുറച്ചുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്.
യുജിസി പെൻഷന്റെ പരമാവധി പരിധി സംസ്ഥാന സർവീസ് പെൻഷൻകാരുടേതിനു തുല്യമാക്കി ഉയർത്തി ധനവകുപ്പ്. പെരുമാറ്റച്ചട്ടം വരും മുൻപ് ഇന്നലെ തിരക്കിട്ടാണ് ഉത്തരവിറക്കിയത്. 60,000 രൂപയായിരുന്നു ഇവരുടെ പരമാവധി പെൻഷൻ. 83,240 രൂപയാണ് ഉയർത്തിയ പരിധി.
മറുനാടന് മലയാളി ബ്യൂറോ