- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്തെ ഭരണം പിടിച്ചത് ബദൽ മാതൃകയായി; നാല് പഞ്ചായത്തിൽ കൂടി ചുവടുറപ്പിച്ചപ്പോൾ പാർട്ടികൾക്ക് ഭയം തുടങ്ങി; അവലോകന യോഗത്തിന് ശേഷം മന്ത്രി നടത്തിയത് കടന്നാക്രമണം; വാഴ കൃഷിയും നശിപ്പിക്കുമോ? കിറ്റക്‌സിനെ കെട്ടുകെട്ടിക്കാൻ കേരളത്തിലെ വികസന രാഷ്ട്രീയം
കൊച്ചി: കേരളത്തിനും സർക്കാരിനുമെതിരെ കിറ്റെക്‌സ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായമന്ത്രി മന്ത്രി പി രാജീവ് കടന്നാക്രമ സ്വരത്തിൽ പറയുമ്പോൾ അടയുന്നത് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ. കേരളത്തിൽ ബദൽ രാഷ്ട്രീയ ചിന്ത അവതരിപ്പിച്ച കിറ്റക്‌സിനെ കെട്ടുകെട്ടിക്കുന്നതിലൂടെ കിഴക്കമ്പലത്തെ രാഷ്ട്രീയം വീണ്ടും അനുകൂലമാക്കുകയാണ് ഇടതു ലക്ഷ്യമെന്നാണ് സൂചന. അപ്പാരൽ പാർക്കിനായി മനസ്സിൽ കണ്ട സ്ഥലത്ത് വാഴകൃഷി നടത്തുമെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഴ കൃഷിയേയും തടസ്സപ്പെടുത്താനുള്ള ആലോചനകൾ നടക്കുമെന്ന ആശങ്കയും കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ട്.
കിഴക്കമ്പലത്ത് ജനകീയ ഇടപെടലുമായി കൈയടി നേടിയ ട്വന്റി ട്വന്റി അപ്രതീക്ഷിതമായാണ് ആറു കൊല്ലം മുമ്പ് പഞ്ചായത്ത് ഭരണം പിടിച്ചത്. ഒരു കൊല്ലം മുമ്പ് സമീപപ്രദേശത്തും കരുത്തു കാട്ടി. അന്ന് മുതൽ തന്നെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ കണ്ണിലെ കരടായി കിറ്റക്‌സ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിൽ മികച്ച പ്രകടനം ട്വന്റി ട്വൻി കാഴ്ചവച്ചു. പക്ഷേ ജയിച്ചില്ല. ഇതോടെ കിറ്റക്‌സിനെ ഒറ്റപ്പെടുത്തി ഈ ബദൽ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമങ്ങൾ പലകോണിൽ തുടങ്ങി. കടമ്പയാറിലെ മാലിന്യ പ്രശ്‌നവും ഇതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ കിറ്റക്‌സിനെ പൂർണ്ണമായും തള്ളി പറയുകയാണ് സർക്കാർ. ഇതോടെ കേരളം വിടേണ്ട അവസ്ഥയിലായി കിറ്റക്‌സ്.
ഇടതു സർക്കാർ ഇങ്ങനെ നീങ്ങുമ്പോൾ കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് കിറ്റക്‌സിന്റെ കാര്യത്തിൽ മൗനത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ട്വന്റി ട്വന്റിയുടെ നിലപാടുകൾ കോൺഗ്രസിന് തലവേദനയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നഷ്ടമായതിന് പിന്നിലും കിറ്റക്‌സ് നേതൃത്വം നൽകിയ ബദൽ രാഷ്ട്രീയമായിരുന്നു കോൺഗ്രസിന് വിനയായത്. എറണാകുളം ജില്ലയിൽ പ്രതീക്ഷിച്ച മുന്നേറ്റം കോൺഗ്രസിനുണ്ടാക്കാനുമായില്ല. തൃക്കാക്കരയിൽ പിടി തോമസിന് പോലും വലിയ വെല്ലുവിളിയായി ട്വന്റി ട്വന്റി മാറിയിരുന്നു. അതിനാൽ പ്രതിപക്ഷം മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് കിറ്റ്കിസിനെതിരെ നീങ്ങാനുള്ള കരുത്ത് സർക്കാരിന് കിട്ടുന്നതും.
അപ്പാരൽ പാർക്കുമായി ബന്ധപ്പെട്ടാണ് വിവാദമെങ്കിലും കിറ്റ്കിസിന്റെ നിലവിലെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തന്റെ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാനാകുമോ അടപ്പിക്കുമോ എന്ന നിലയിലേക്കു കാര്യങ്ങൾ എത്തിക്കുകയാണെന്നു കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം.ജേക്കബ് തിരിച്ചറിയുന്നു. താനാണു പ്രശ്‌നക്കാരനെന്ന മട്ടിൽ കാര്യങ്ങൾ എത്തിക്കുകയാണ് ഇപ്പോൾ. സർക്കാരിനെയും വ്യവസായ മന്ത്രിയെയും വെല്ലുവിളിക്കാനല്ല തന്റെ ശ്രമം. പ്രശ്‌നങ്ങൾ പരിഹരിക്കലല്ല സർക്കാർ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിനും സർക്കാരിനുമെതിരെ കിറ്റെക്‌സ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിറ്റെക്‌സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധന നിയമപരമായിരുന്നുവെന്നും അതിന്റെ പേരിൽ സർക്കാരിനും നാടിനുമെതിരെയുള്ള പ്രചാരവേല ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തെത്തുടർന്നു മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ നടപടികൾ തുടരാനാണ് ഈ യോഗത്തിലേയും തീരുമാനം.
അവർ ചെയ്ത രീതിയോട് എതിർപ്പുണ്ട്. അവർ പറഞ്ഞതല്ല ഈ നാട്. അതു ജനങ്ങളോടു പറയേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതിന്റെ പേരിൽ സർക്കാർ വിരോധം കാണിക്കില്ല. പദ്ധതികൾക്കു പിന്തുണ നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയുമാണ് പരിശോധനകൾ ആവശ്യപ്പെട്ടത്. അതേപ്പറ്റി പരാതികളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാമായിരുന്നു. കേരളം വ്യവസായത്തിനു പറ്റുന്ന നാടല്ല എന്നു വരുത്തിത്തീർക്കാനാണ് കിറ്റെക്‌സ് എംഡി സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താൽപര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണ്-ഇതാണ് രാജീവിന്റെ വിമർശനം.
ബെന്നി ബഹനാൻ എംപി ദേശീയ മനുഷ്യാവകാശ കമ്മിഷനിലും പി.ടി.തോമസ് എംഎൽഎ നിയമസഭയിലും പരാതി ഉന്നയിച്ചു. അതിന്റെയടിസ്ഥാനത്തിൽ വകുപ്പുകൾക്കു ലഭിച്ച നിർദ്ദേശപ്രകാരമാണു പരിശോധന നടത്തിയത്. ഹൈക്കോടതിയിൽ ലഭിച്ച പരാതിയിലും പരിശോധനയ്ക്കു നിർദ്ദേശിച്ചു. സർക്കാർ സ്വമേധയാ ഒരു പരിശോധനയും നടത്തിയില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു. കടമ്പ്രയാറിലെ മലിനീകരണം സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ല. കിറ്റെക്‌സിന്റെ രാഷ്ട്രീയം സർക്കാർ പരിഗണിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ വ്യവസായ പുരോഗതിയിൽ അവർ വലിയ സംഭാവന നൽകി. നാടിന്റെ പിന്തുണയോടെയാണ് അവർ വളർന്നത്-രാജീവ് വിശദീകരിക്കുന്നു.
അസെൻഡ് നിക്ഷേപക സംഗമത്തിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികളൊന്നും നടക്കുന്നില്ലെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. 549 കോടി രൂപയുടെ 19 പദ്ധതികൾ യാഥാർഥ്യമായി. 7420 കോടിയുടെ 60 പദ്ധതികൾ പുരോഗമിക്കുന്നു. ആകെ 148 പദ്ധതികളിൽ 12% പ്രവർത്തനം തുടങ്ങി. 52% നിർമ്മാണഘട്ടത്തിലാണ് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കിറ്റക്‌സ് ഗ്രൂപ്പും എത്തിയത്. ഈ വിവാദങ്ങളിൽ വ്യവസായ ലോകത്തിന്റെ പിന്തുണ പോലും ലഭിച്ചില്ലെന്ന പരാതി കിറ്റക്‌സ് ഗ്രൂപ്പിനുണ്ട്.
ഒരു വ്യവസായിയെ പരിശോധനകളുടെ പേരിൽ ഒരു മാസം പീഡിപ്പിച്ചിട്ടും ആർക്കും പരാതിയില്ല. മറ്റുള്ള വ്യവസായികൾക്കു വേണ്ടിക്കൂടിയാണു താൻ ശബ്ദിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിനു സാധിക്കാത്തതു കൊണ്ടാണു കേരളം വ്യവസായ സൗഹൃദ പട്ടികയിൽ പിന്നാക്കം പോയത്. നിക്ഷേപം നടത്തുന്നതിന് 9 സംസ്ഥാനങ്ങളിൽ നിന്നു തനിക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. അവരുമായി കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും. ലോകത്തെ ഏതു രാജ്യത്തേയ്ക്കും നിക്ഷേപം കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് പറയുന്നു.
''ഞാൻ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടു 4 ദിവസം കഴിഞ്ഞാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയത്. 3,500 കോടി രൂപയുടെ പദ്ധതിക്കു ഞാൻ കരാർ ഒപ്പിട്ടിട്ടില്ലെന്ന തരത്തിലേക്കു കാര്യങ്ങൾ കൊണ്ടുവരികയാണ്. 73 കുറ്റങ്ങൾ കിറ്റെക്‌സിനെതിരെ ചുമത്തപ്പെട്ടതിൽ വ്യക്തത വരണം. ഇത്രയും ദിവസം പിന്നിട്ട ശേഷമാണു പ്രതിപക്ഷ എംഎൽഎയുടെയും എംപിയുടെയും തലയിൽ കുറ്റം ചാർത്തി പരിശോധനയെ മന്ത്രി ഇപ്പോൾ ന്യായീകരിക്കുന്നത്'' സാബു കുറ്റപ്പെടുത്തി.
ജ്വാല തെളിക്കൽ പ്രതീഷേധം
അതിനിടെ കിറ്റെക്‌സ് ഗാർമെന്റ്‌സിനെതിരെ പിണറായി സർക്കാരും കോൺഗ്രസും സിപിഎമ്മും സംയുക്തമായി നടത്തുന്ന വേട്ടയാടൽ പ്രതിരോധിക്കുമെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ 26 വർഷമായി നല്ലനിലയിൽ പ്രവർത്തിക്കുന്ന കിറ്റെക്‌സിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി.
തുടർച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാൻ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങൾ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ജ്വാല തെളിയിച്ചത്. കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായാണ് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു നിന്നു.
മറുനാടന് മലയാളി ബ്യൂറോ