കൊച്ചി: നേട്ടം കിറ്റക്‌സിനും സാബു ജേക്കബിനും തന്നെ. ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറുകയാണ് കിറ്റക്‌സ്. തെലുങ്കാനയിലേക്ക് ചുവടു മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതും. ഇന്നും വിപണയിൽ കിറ്റക്‌സിന്റെ വില കുതിച്ചുയർന്നു. ആദ്യ മണിക്കൂറിൽ തന്നെ മൂല്യം 1000 കോടിക്ക് അടുത്തെത്തി. ഇടയ്ക്ക് കിറ്റക്‌സിന്റെ വിപണം മൂല്യം ഇടിയുകയും അത്. 650 കോടി രൂപയിൽ എത്തുകയും ചെയ്തിരുന്നു. ഇതാണ് ഉയരുന്നത്. കേരളാ സർക്കാരുമായുള്ള വിവാദവും അതിന് ശേഷം തെലുങ്കാനയിലേക്കുള്ള പോക്കും സാജു ജേക്കബിന്റെ ഗ്രൂപ്പിന് തുണയാവുകയാണ്.

കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ വമ്പൻ നേട്ടമായി അതു മാറുകയും ചെയ്യും. 2015ൽ 767 രൂപ എന്ന നിലയിലേക്ക് എത്തിയ ഓഹരിയുടെ വില ഇടയ്ക്ക് ഇടിഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. കഴിഞ്ഞ വർഷം 650 കോടി മാത്രം മാർക്കറ്റ് ക്യാപിറ്റൽ ലൈസേഷനിലേക്ക് ചുരുങ്ങിയ കിറ്റക്‌സ് എന്ന കമ്പനി, 1000 കോടിയുടെ അടുത്തേക്ക്, മൂല്യം കുതിച്ചിരിക്കുന്നു. അതും മൂന്ന് ദിവസം കൊണ്ട്. ഈ കുതിപ്പ് തുടർന്നാൽ 2000 കോടിയിൽ ഉടൻ എത്തും. 

കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്‌സിന്റെ ഓഹരിയിൽ വൻ വർധവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നും തെലുങ്കാനയുമായി ചർച്ചകൾ നടത്തുന്നതിനായി സ്വകാര്യ ജെറ്റിൽ കയറുമ്പോൾ തന്നെ വിപണിയിൽ കുതിപ്പുണ്ടായി. മാധ്യമ വാർത്തകൾ കൂടിയായപ്പോൾ ഈ കുതിപ്പ വലിയ നേട്ടത്തിലേക്ക് പോകുകയാണ്. ഇന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും നിഫറ്റിയിലും വലിയ ഉയർച്ചയാണ് കിറ്റക്‌സ് കാണിക്കുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിൽ 200 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കിറ്റെക്സിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്. ഇത് ഇന്നും തുടരും. അടുത്തകാലത്തായി കിറ്റ്ക്സ് ഉണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോഴത്തേത്.

3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലേക്ക് പോയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സർക്കാർ അയച്ച ഫ്ളൈറ്റിൽ ചർച്ചകൾക്കായി കിറ്റക്സ് സംഘം എത്തിയപ്പോൾ മുതൽ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരണം നൽകി. ചർച്ചകൾ പൂർത്തിയാക്കി തിരിച്ചു വരികയും ചെയ്തു. പല സംസ്ഥാനങ്ങളും സാബു ജേക്കബിനെ ചർച്ചകൾക്ക് ക്ഷണിക്കുന്നുണ്ട്.

കേരളത്തിൽ കിറ്റെകെസ് പ്രവർത്തിക്കുമ്പോൽ വലിയ ഓപ്പറേഷൻ കോസ്റ്റ് വേണ്ടി വരുന്നുണ്ട്. തെലുങ്കാനയിലേക്ക് എത്തിയാൽ ഇത് ഒഴിവാക്കാൻ സാധിക്കും. രാഷ്ട്രീയമായ പ്രശ്നങ്ങൾ തന്നെയാണ് കിറ്റെക്സ് മറുകണ്ടം ചാടാൻ ഇടയാക്കുന്നതിന് കാരണവും. ആകെ നിക്ഷേപത്തിന്റെ 40 ശതമാനം തിരിച്ചു കൊടുക്കുന്ന തെലങ്കാന വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. തെലുങ്കാനയിൽ നിക്ഷേപം നടത്തിയാൽ അതിൽ 40 ശതമാനം സർക്കാർ സബ്‌സിഡി പോലും ലഭിക്കും. അതായത് 3500 കോടിയുടെ നിക്ഷേപത്തിൽ പദ്ധതി പൂർത്തിയായാൽ 1500 കോടി കിറ്റക്‌സിന് സർക്കാർ തിരിച്ചു കൊടുക്കും എന്നതാണ് പ്രത്യേകത. ഇതും ഓഹരി വിപണയിലെ മാറ്റത്തിന് കാരണമാണ്.

തെലുങ്കാനയിൽ വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്‌സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും. മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലുള്ള സൗകര്യവും കിറ്റക്‌സ് സാബുവിന് ലഭിക്കും. ഇതോടെ കിറ്റക്‌സ് വമ്പൻ ലാഭത്തിലേക്ക് എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതാണ് ഉയർച്ചകളിലും പ്രതിഫലിക്കുന്നത്.

സംസ്ഥാന സർക്കാറിന് കടുത്ത വിമർശനം ഉയർത്തി കൊണ്ടാണ് സാബു കേരളം വിടുന്നത്. കേരള സർക്കാറുമായി ഇനി ചർച്ചകൾക്കില്ലെന്നും സാബു വ്യക്തമാക്കി. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്.

കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.