- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അജ്ഞാതരുടെ' പരാതികളിൽ പരിശോധന ഒഴിവാക്കും; ഒരു സ്ഥാപനം ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധിക്കുന്നതും പാടില്ല; കിറ്റക്സും സാബു ജേക്കബും ഉയർത്തിയ വിഷയങ്ങളിലെ കഴമ്പ് സർക്കാരും തിരിച്ചറിഞ്ഞു; വ്യവസായ സൗഹൃദമാകാൻ പുതിയ സർക്കുലർ
തിരുവനന്തപുരം: കിറ്റക്‌സിനേയും സാബു ജേക്കബിനേയും അടിക്കാൻ എടുത്തത് ചില കഴമ്പില്ലാ പരാതികളാണ്. കിഴക്കമ്പലവും പരിസര പഞ്ചായത്തുകളും ട്വന്റി ട്വന്റി കൈയടക്കിയതിന്റെ പ്രതികാരമെന്ന് ഇതിനെ ചിലർ വിലയിരുത്തി. ആരാണ് പരാതിക്കാർക്ക് പിന്നിലെന്നും പുറം ലോകത്ത് എത്തി. പരാതി പരിശോധിക്കാൻ എത്തിയവർക്കൊന്നും തെളിവ് കിട്ടിയില്ല. എന്നാൽ കിറ്റക്‌സിൽ നടന്നത് വിരലിൽ എണ്ണാവുന്നതിൽ അധികം പരിശോധനയാണ്. ഇതാണ് കിറ്റക്‌സിനെ തെലുങ്കാനയിൽ എത്തിച്ചത്. വിഷയം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നു.
അതുകൊണ്ട് തന്നെ തിരുത്തലുകൾ വരും. അടിസ്ഥാനമില്ലാത്തതും പേരും വിലാസവും വെളിപ്പെടുത്താത്തതുമായ പരാതികളിൽ വ്യവസായ സ്ഥാപനത്തിൽ നിരന്തരം പരിശോധന നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങൾ ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്ന് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കിറ്റക്‌സ് സംഭവം പരാമർശിക്കുന്നില്ലെങ്കിലും അതു തന്നെയാണ് തിരുത്തലിന് കാരണം.
പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കേന്ദ്രീകൃത പരിശോധനാ സംവിധാനത്തെക്കുറിച്ച് തദ്ദേശ വകുപ്പ് ഇറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടിയെന്നാണ് വിശദീകരണം. ഒരു സ്ഥാപനം ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധിക്കുന്നത് ഒഴിവാക്കണം. ഒന്നിലധികം തവണ പരിശോധിക്കുകയാണെങ്കിൽ വ്യത്യസ്ത ഉദ്യോഗസ്ഥരെ നിയോഗിക്കണം എന്നതാണ് പ്രധാന ശുപാർശ. മനുഷ്യജീവന് ആപത്തുണ്ടാകുന്ന സംഭവങ്ങളിലെ അടിയന്തര പരിശോധനകൾക്ക് ഈ നിർദേശങ്ങൾ ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധനയിൽ പരാതി കെട്ടിച്ചമച്ചതോ വ്യക്തിവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആണെന്നു ബോധ്യമായാൽ റിപ്പോർട്ട് ചെയ്യണം. മാലിന്യ പരിപാലനം, ശുചീകരണം തുടങ്ങി നഗരസഭകളുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ മാത്രം പരിശോധിക്കുക. പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയർ സംസ്ഥാന വ്യവസായ വികസന കോർപറേഷനോ ഇൻഫർമേഷൻ കേരള മിഷനോ വികസിപ്പിച്ചു നൽകണം. നിലവിൽ ലൈസൻസ് ഉള്ള ലോ റിസ്‌ക് വിഭാഗത്തിലെ സ്ഥാപനങ്ങളിൽ 3 വർഷം കൂടുമ്പോഴും മീഡിയം വിഭാഗത്തിൽ 2 വർഷത്തിലൊരിക്കലും ഹൈ റിസ്‌കിൽ വർഷത്തിൽ ഒരു തവണയുമാകണം പരിശോധന.
പരിശോധനാ വിവരം സ്ഥാപന ഉടമയെ മുൻകൂട്ടി അറിയിക്കണം. പരാതിയുടെ പകർപ്പ് ആവശ്യപ്പെട്ടാൽ നൽകണം. പരിശോധനയുടെ വിഡിയോ റെക്കോർഡിങ് നടത്താം. വിഡിയോ റെക്കോർഡിങ്ങിന് ഉടമയെയും അനുവദിക്കാം. പരിശോധനയുടെ മഹസർ/റിപ്പോർട്ട് തയാറാക്കി സ്ഥാപന ഉടമയ്ക്കു പകർപ്പ് നൽകുക. സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് പരിശോധിക്കേണ്ടത്. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക സെക്രട്ടറി തയാറാക്കി അതിൽ നിന്നു ക്രമത്തിൽ നിയോഗിക്കണം.
പുതിയ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും സംരംഭങ്ങൾക്കും ലൈസൻസ് നൽകുമ്പോൾ നഗരസഭകളിൽ 5 ദിവസത്തിനകവും പഞ്ചായത്തുകളിൽ 7 ദിവസത്തിനകവും ലൈസൻസ് നൽകാനും സ്ഥലപരിശോധന വേണ്ടെന്നും നിർദേശമുണ്ട്. 3 മാസത്തിനകം പരിശോധന നടത്തി നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.നിയമങ്ങൾ പാലിക്കുമെന്ന സാക്ഷ്യപത്രം അപേക്ഷകൻ ലൈസൻസിനായി സമർപ്പിക്കണം.
വലിയ വ്യവസായശാലയ്‌ക്കോ ഫാക്ടറിക്കോ ഉള്ള ലൈസൻസ് അപേക്ഷയിൽ 30 ദിവസത്തിനകം നഗരസഭ കൗൺസിൽ തീരുമാനമെടുക്കുന്നതിനു പുറമേ ആവശ്യമെങ്കിൽ സ്ഥലപരിശോധനയും നടത്താം.
മറുനാടന് മലയാളി ബ്യൂറോ