- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ വിവാദം നേട്ടമാക്കി തെലുങ്കാന; രണ്ട് വൻകിട പദ്ധതികളിൽ കിറ്റെക്സുമായി കരാർ ഒപ്പിടൽ; ഔദ്യോഗിക ചടങ്ങും പ്രഖ്യാപനങ്ങളും നാളെ; സാബു ജേക്കബ്ബിന്റെ കമ്പനിക്ക് കിട്ടുക വമ്പൻ ഇളവുകൾ; ട്വന്റി ട്വന്റിയെ ഭയന്ന് കിറ്റക്സിനെ നാടുകടത്തിയ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ അറിയാൻ
ഹൈദരാബാദ്:തെലങ്കാന സംസ്ഥാനത്തെ രണ്ട് വൻകിട പദ്ധതികളുടെ കരാർ (എം.ഒ.യു) കിറ്റെക്സ് ഒപ്പിട്ടു. വാറങ്കലിലെ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും ഹൈദ്രബാദിലെ ഇൻട്രസ്ട്രീയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ കരാറിലാണ് ഒപ്പിട്ടത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിന് വേണ്ടി മാനെജിങ് ഡയറക്റ്റർ സാബു എം ജേക്കബുമാണ് ഹൈദ്രാബാദിൽ കരാറിൽ ഒപ്പിട്ടത്.
വ്യവസായ മന്ത്രി കെ.ടി .രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു കരാറിൽ ഒപ്പിടൽ. ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും നാളെ നടക്കും. വൻ ആനുകൂല്യങ്ങളാണ് തെലങ്കാനയിൽ നിക്ഷേപത്തിനായി സർക്കാർ കിറ്റെക്സിന് നൽകിയിരിക്കുന്നത്. ആനുകൂല്യങ്ങൾ, നിക്ഷേപം, സബ്സിഡി, തൊഴിലവസരങ്ങൾ അടക്കമുള്ള വൻ പാക്കേജിന്റെ വിശദാംശങ്ങൾ ശനിയാഴ്ച വ്യക്തമാകും.
ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്സ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിൻവാങ്ങിയത്. തുടർന്ന് തെലങ്കാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സർക്കാർ കിറ്റെക്സിനെ ക്ഷണിച്ചത്.
തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യു എ ഇ, ബെഹ്റിൻ,മൗറേഷ്യസ്,ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റാണ് കിറ്റെക്സ്. ട്വന്റി ട്വന്റിയുടെ വളർച്ചയെ രാഷ്ട്രീക്കാർ ഭയക്കുന്നുവെന്നും ഇത്തരം എംഎൽഎമാരുമായി മുന്നോട്ട് പോയാൽ കേരളം നശിക്കുമെന്നും കിറ്റക്‌സ് ചെയർമാൻ സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.
കലക്ടറുടെ സാന്നിധ്യത്തിൽ കടമ്പ്രയാർ മാലിന്യത്തെക്കുറിച്ചു ചർച്ച ചെയ്തു പുറത്തിറങ്ങിയ എംഎൽഎമാർ അതിനെക്കുറിച്ചു പറയാതെ പഞ്ചായത്തിൽ പണം ബാക്കി വന്നതും സേഫ്റ്റി ഓഫിസറെ നിയമിച്ചതിനെക്കുറിച്ചും മറ്റും ആരോപണങ്ങൾ ഉയർത്തിയതിനെ രൂക്ഷമായി വിമർശിച്ച് സാബു എം. ജേക്കബ് രംഗത്തെത്തി. കലക്ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിലായിരുന്നു കിറ്റെക്‌സ് വിഷയം ചർച്ച ചെയ്യാൻ ജില്ലയിലെ എംഎൽഎമാരെ ക്ഷണിച്ചു ചർച്ച സംഘടിപ്പിച്ചത്. എന്നാൽ പുറത്തിറങ്ങിയ എംഎൽഎമാരായ പി.ടി. തോമസും ശ്രീനിജിനും കമ്പനിക്കെതിരെ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർത്തുകയായിരുന്നുവെന്നു സാബു ജേക്കബ് പറഞ്ഞു.
തൊട്ടു പിന്നാലെ കിഴക്കമ്പലത്ത് സാബു മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയാണ് ഇരുവരുടെയും ആക്ഷേപങ്ങൾക്കു മറുപടി നൽകിയത്. ഇവർ ഉയർത്തിയ ആരോപണങ്ങങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു സാബുവിന്റെ മറുപടി. കിറ്റെക്‌സ് 73 നിയമലംഘനങ്ങൾ നടത്തിയെന്നു പറഞ്ഞ സർക്കാരും എംഎൽഎമാരും പിന്നാക്കം മാറി എട്ടു തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയെന്നാണ് ഇന്നു പറഞ്ഞത്. എറണാകുളത്തെ ഏതാണ്ട് എല്ലാ ഏജൻസികളും നടത്താവുന്ന മുഴുവൻ പരിശോധനകളും നടത്തിയിട്ടും കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്‌സാണെന്നു കണ്ടെത്താൻ സാധിച്ചില്ല.
മാത്രമല്ല, കമ്പനി തുടങ്ങുന്നിടം മുതൽ കടമ്പ്രയാർ വരെ വെള്ള സാംപിൾ എടുത്തു പരിശോധിച്ചതിൽ കിറ്റെക്‌സിനോട് അടുത്തു കിടക്കുന്നിടത്തു മാലിന്യം കുറവാണെന്നാണു കണ്ടെത്തിയത്. കിറ്റെക്‌സിൽ നിന്നല്ല കടമ്പ്രയാർ മലിനമാകുന്നതെന്ന് ഇതോടെ വ്യക്തമായി. അകത്ത് എന്തു റിപ്പോർട്ടുകൾ ചർച്ച ചെയ്തു എന്നു പറയാതെ പുറത്തിറങ്ങി വസ്തുതാ വിരുദ്ധമായ കുറെ കാര്യങ്ങൾ പതിവു പോലെ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന തന്ത്രമാണ് ഇന്നും ഇവർ നടത്തിയതെന്നു സാബു ജേക്കബ് പറഞ്ഞിരുന്നു.
തൃക്കാക്കരയിൽ ട്വന്റി ട്വന്റി മൽസരിച്ചതുകൊണ്ടാണ് പി.ടി. തോമസ് എതിരെ സംസാരിക്കുന്നത് എന്നും വിശദീകരിച്ചിരുന്നു. കമ്പനിക്കകത്തു പരിശോധിച്ചാൽ ഇവർക്ക് ഏതെങ്കിലും നിയമലംഘനം കണ്ടുപിടിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ വേറെ ഏതെങ്കിലും ഫാക്ടറി പരിശോധിക്കട്ടെ. അടച്ചു പൂട്ടേണ്ടിവരും. കിറ്റെക്‌സ് നിയമം അനുസരിച്ചു പോകുന്നു എന്നതു മാത്രമാണു പ്രശ്‌നം. ഇവർക്കു കൈക്കൂലി കൊടുത്താൽ മതി. ഇതുപോലെയുള്ള ആളുകൾ മൽസരിച്ച് ജനങ്ങളെ കൊള്ളയിക്കുകയാണ്. ഇപ്പോൾ പോകുന്ന രീതിയിൽ പോയാൽ സംസ്ഥാനത്തെ വീടുകളിൽ പട്ടികളെ വളർത്തുന്ന സാഹചര്യം വരും.
മക്കൾ എല്ലാം ജോലി തേടി വിദേശത്തു പോയാൽ രക്ഷിതാക്കൾക്കു കൂട്ടിനു പട്ടിയെ വളർത്തണ്ടി വരും. 2025 ആകുമ്പോഴേയ്ക്ക് 90 ശതമാനം വീടുകളിലും ആ സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ