തിരുവനന്തപുരം: കൊച്ചി കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലേബർ കമ്മിഷണർ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിൽ മാനേജ്‌മെന്റിനെതിരേയും രൂക്ഷ വിമർശനങ്ങൾ. ഈ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. അക്രമം നടന്ന് ഏതാനും ദിവസങ്ങൾ പിന്നിട്ട ശേഷമായിരുന്നു ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. കമ്പനിയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.

സർക്കാർ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കിറ്റെക്‌സിലെ തൊഴിലാളികൾ, സ്ഥലത്തെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരിൽ നിന്നു കമ്മിഷണർ വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, കിറ്റെക്‌സിന്റെ മാനേജ്‌മെന്റ് പ്രതിനിധികളെ കണ്ടിരുന്നില്ല. കുന്നത്തുനാട് എംഎൽഎ ശ്രീനിജന്റെ ആക്ഷേപങ്ങളെല്ലാം റിപ്പോർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കിറ്റക്‌സിനെതിരെ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുരുഷ - വനിത ലേബർ ക്യാമ്പുകളിൽ എത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച രേഖകളും പരിശോധിച്ചു. തൊഴിലാളികൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. ഇവിടെയുള്ള തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ലേബർ കമ്മീഷണർ ഇവരെ കൂട്ടമായി പാർപ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടർന്ന് ഫാക്ടറിക്ക് മുകൾ നിലയിലുള്ള വനിതാ ഹോസ്റ്റലിലും പരിശോധന സംഘമെത്തി.

തൊഴിൽ വകുപ്പിന്റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ൽ അധികം അതിഥി തൊഴിലാളികൾ കിറ്റെക്‌സ് കമ്പനിയിലുണ്ട്. എന്നാൽ കമ്പനി നിലവിൽ പറയുന്നത് 500 പേർ മാത്രമെന്നാണ്. ഈ കണക്കുകളിൽ വ്യക്തത വരുത്താൻ രേഖകൾ ഉൾപ്പടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.

അതേസമയം അക്രമസംഭവങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘവും കിറ്റെക്‌സ് ഓഫീസിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പോര് മുറുകിയിരുന്നു. സംഭവത്തിന്റെ പേരിൽ കിറ്റെക്‌സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാൻ മുന്നണികൾ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്‌സ് എം ഡി തന്നെ രംഗത്തെത്തി. എന്നാൽ അതിഥിത്തൊഴിലാളികളെ മുന്നിൽ നിർത്തി കിറ്റെക്‌സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം.

കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുടെ പേരിൽ കിറ്റെക്‌സ് കമ്പനിയും ട്വന്റി ട്വന്റിയും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സാബു ജേക്കബ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അതിഥിത്തൊഴിലാളികളെയടക്കം പിന്തുണച്ചും പൊലീസിനെ ആക്രമിച്ചുമാണ് ഈ നീക്കം. അതുവഴി ഇപ്പോഴത്തെ സംഭവങ്ങളൊക്കെയും ആസൂത്രിതമാണെന്നും പൊലീസിനെയടക്കം ഉപയോഗപ്പെടുത്തി കിറ്റെക്‌സിനെ ഇല്ലാതാക്കാനുള്ള സർക്കാർ അറിവോടെ നടന്ന ഇടപെടലെന്നുമാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തിൽ അപരിചിതരെത്തിയെന്നുള്ള ആരോപണം ഇതിന്റെ മൂർച്ച കടുപ്പിക്കാൻ കൂടിയാണ്. എന്നാൽ കിറ്റെക്‌സ് എംഡിയുടെ ഇടതുവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം.

അതിഥിത്തൊഴിലാളികളെ രാഷ്ട്രീയമായും അല്ലാതെയും കിറ്റെക്‌സ് ഉപയോഗിക്കുന്നു എന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് നീക്കം. കിറ്റെക്‌സ് എംഡി തൊഴിലാളികളെ ന്യായീകരിച്ച് രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. ഇതിനിടെ കിഴക്കമ്പലം സംഭവത്തെ ഇടതു മുന്നണിയുടെ രാഷ്ട്രീയ വീഴ്ചയായി അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതിഥിത്തൊഴിലാളുകളുടെ ഡേറ്റാ ബാങ്ക് പോലും സർക്കാരിന്റെ കയ്യിൽ ഇല്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഇക്കൂട്ടത്തിൽ എന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനിടെയാണ് തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈയിലെത്തുന്നത്.