- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്‌സ് വന്നുകണ്ട് മടങ്ങിയതിന് പിന്നാലെ ശരവേഗത്തിൽ നടപടികളുമായി തെലുങ്കാന സർക്കാർ; വാറങ്കലിലെ അപ്പാരൽ പാർക്കിനായി തൊഴിൽ നൈപുണ്യമുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് തുടങ്ങി; തെലുങ്കാന സർക്കാരിന്റെ വേഗത മാതൃകാപരമെന്ന് സാബു എം ജേക്കബ്
കൊച്ചി: വാറങ്കലിൽ കിറ്റെക്സ് ആരംഭിക്കാൻ പോകുന്ന 1000 കോടിയുടെ പദ്ധതിക്കായുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തെലങ്കാന സർക്കാർ ആരംഭിച്ചു. ഇന്ന് രാവിലെയാണ് ഗീസുഗോണ്ട ഏരിയായിൽ അഭിമുഖം അടക്കം ആരംഭിച്ചത്. നോഡൽ ഓഫീസറുടെ നേതൃത്വത്തിലാണ് അഭിമുഖം .
4000 പേർക്ക് തൊഴിൽ സാധ്യതയുള്ള അപ്പാരൽ പാർക്കാണ് കകാതിയ മെഗാ ടെക്സ്‌റ്റൈൽ പാർക്കിൽ കിറ്റെക്സ് ആരംഭിക്കുന്നത്. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഹൈദ്രബാദ് സന്ദർശിച്ചാണ് ദ്ധതി പ്രഖ്യാപിച്ചത്. ഉടൻ തന്നെ തൊഴിൽ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്താനുള്ള നടപടിയാണ് തെലങ്കാന സർക്കാർ ആരംഭിച്ചത്. അഭിമുഖത്തിൽ നൂറ് കണക്കിന് പേർ ആദ്യ ദിനം തന്നെ പങ്കെടുത്തു. വ്യവസായവും നിക്ഷേപവും എത്രയും വേഗം യാഥാർത്ഥമാക്കാൻ തെലങ്കാന സർക്കാർ കാണിക്കുന്ന വേഗത മാതൃകപരമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.
കിറ്റക്‌സിന് തെലങ്കാനയിൽ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ പരിശോധനയോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവുകയില്ലെന്നതടക്കമാണ് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നൽകിയതെന്നാണ് കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
കേരളത്തിലേത് പോലെ പരിശോധനകൾ തെലങ്കാനയിൽ ഉണ്ടാകില്ല. സൗഹൃാർദപരമായ വ്യവസായ അന്തരീക്ഷമാണ് തെലുങ്കാനയിൽ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരും തെലുങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴിൽ അവസരവും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കലുമാണ് തെലുങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റെക്‌സ് സംഘത്തോട് മന്ത്രി പറഞ്ഞതായി സംഘം വ്യക്തമാക്കുന്നു.
മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിലും ഉപരിയായ ആനുകൂല്യങ്ങളും കിറ്റെക്‌സിന് നൽകാമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. തെലുങ്കാനയിൽ നിക്ഷേപിച്ചാൽ മനസമാധാനം ഉറപ്പ് നൽകുന്നുവെന്നും ഒരു തരത്തിലുള്ള വേട്ടയാടലുകളോ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ചൂഷണം ഉണ്ടാവുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കിറ്റക്‌സ് പറയുന്നു.
കിറ്റക്‌സ് ഓഹരികളിൽ ഇടിവ്
തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചുയർന്ന കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വിലയിൽ ഇടിവ്. ഇന്ന് ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ 20.40 രൂപ താഴെയാണ് കിറ്റെക്സിന്റെ ഓഹരി വ്യാപാരം നടക്കുന്നത്. 183.65 രൂപയാണ് നിലവിലെ ഓഹരി വില.
തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്സിന്റെ ഓഹരി വിലയിൽ 44.26 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കേരളത്തിൽ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന അപ്പാരൽ പാർക്ക് ഉപേക്ഷിച്ചാണ് സാബു തെലങ്കാനയിലേക്കു പോവുന്നത്. കേരളത്തിൽ ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയാണെന്നും പരാതി ഉന്നയിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്നും ആരോപിച്ചാണ് സാബു നിക്ഷേപത്തിൽനിന്നു പിന്മാറിയത്.
മറുനാടന് മലയാളി ബ്യൂറോ