കൊച്ചി: കേരളത്തിൽ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളോട് മുഖം തിരിക്കുന്ന നിലപാടുകളിലും സർക്കാരിന്റെ പ്രതികാര ബുദ്ധിയുടെ ഫലമായി ഉണ്ടാക്കുന്ന നിയമക്കുരുക്കുകളിലും മനംമടുത്ത കിറ്റെക്‌സ് ഗ്രൂപ്പിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറെടുത്ത് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങുന്നതിന് കിറ്റെക്സ് മാനേജ്മെന്റിന് ഔദ്യോഗികമായി തമിഴ്‌നാട് സർക്കാർ ക്ഷണക്കത്ത് നൽകി.

മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം സബ്സിഡി അടക്കം ഒട്ടേറെ വാഗ്ദാനങ്ങളാണ് ക്ഷണക്കത്തിനൊപ്പം വാഗ്ദാനമായി തമിഴ്‌നാട് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. കൂടുതൽ ആവശ്യങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാർ കിറ്റെക്സ് മാനേജ്മെന്റിന് ഔദ്യോഗികമായി ക്ഷണകത്ത് നൽകിയത്.



മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്സിഡി, ബൗദ്ധിക സ്വത്തവകാശ ചെലവ്ക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വർഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സർക്കാർ നൽകും.

ഈ വാഗ്ദാനങ്ങൾക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഗൈഡൻസ് തമിഴ്‌നാട്) ഗൗരവ് ദാഗ കിറ്റെക്സ് എം ഡി സാബു ജേക്കബിന് ജൂലൈ 2 ന് അയച്ച ക്ഷണക്കത്തിൽ പറയുന്നു.

കിറ്റക്സ് കേരളം വിടുമെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. സർക്കാരിന്റെ പ്രതികാര ബുദ്ധിയാണ് ഇത്തരമൊരു ചിന്തയ്ക്ക് കാരണമെന്ന് എംഡി സാബു ജേക്കബ് ആവർത്തിച്ചുപറഞ്ഞിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ 11 തവണയാണ് ഓരോ കാരണം പറഞ്ഞ് റെയ്ഡ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

കൊള്ളക്കാരെയും, കള്ളന്മാരെയും ഭീകരപ്രവർത്തകരെയും ഒക്കെ നേരിടുന്ന രീതിയിലാണ് സർക്കാരിന്റെ സമീപനമെന്ന് സാബു ജേക്കബ് തുറന്നുപറഞ്ഞിരുന്നു. 15,000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇരച്ചുകയറി, പത്തും പന്ത്രണ്ടും വാഹനങ്ങളിൽ വരുന്നു, 50 ഓളം ഉദ്യോഗസ്ഥർ വിവിധ ഫ്ളോറുകളിലേക്ക് ഓടിക്കയറുന്നു. ആരാണ് വന്നിരിക്കുന്നത്, എന്തിനാണ് വന്നിരിക്കുന്നത് എന്നൊന്നും നമുക്കറിയില്ല. മുതൽമുടക്കിയവൻ, ഇത്രയും നാൾ വിയർപ്പൊഴുക്കിയവൻ മണ്ടനെ പോലെ നോക്കി നിൽക്കുന്നു.

ജോലിക്കാരെ ജോലി നിർത്തി വപ്പിച്ച് ചോദ്യം ചെയ്യിക്കുന്നു..പേര് എഴുതിയെടുക്കുന്നു, ഫോൺ നമ്പർ എഴുതിയെടുക്കുന്നു...സ്ത്രീകളെ വിളിക്കുന്നു, ട്രിപ്പിൾ ലോക് ഡൗൺ ഉള്ള സമയത്താണ് മാസ്‌ക് പോലും ധരിക്കാതെ ചോദ്യം ചെയ്യുന്നത്. 26 കൊല്ലത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഈ പ്രഹസന റെയ്ഡ്. നാലും അഞ്ചും മണിക്കൂർ റെയ്ഡ് കഴിഞ്ഞ് ഇറങ്ങിപ്പോവുന്നു. നമ്മൾ മണ്ടന്മാരെ പോലെ നോക്കി നിൽക്കുന്നു. യാതൊരുവിധ തിരുത്തൽ നിർദ്ദേശങ്ങളും നൽകുന്നുമില്ല. ഇങ്ങനെയാണെങ്കിൽ ഇവിടെ എങ്ങനെ വ്യവസായംനടത്തുമെന്നും സാബു ജേക്കബ് ചോദിക്കുന്നു. ആരെയും ഭയന്ന് വ്യവസായം നടത്താൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിന് പുറത്തേക്ക് ചെന്നാൽ വ്യവസായികൾക്ക് ചുവന്ന പരവതാനിയാണ്. കിറ്റക്സിനെ പുറത്തേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചുതീരുമാനിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

10 ഓളം റെയ്ഡുകളിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷെ ഇത്തരത്തിൽ തുടർച്ചയായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ കാരണങ്ങളാൽ സർക്കാരിന്റെ തുടർവികസനപദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് എം ഡി പറഞ്ഞു. 2020ൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. 3,500 കോടിയുടെ പുതിയനിക്ഷേപം സംബന്ധിച്ച ധാരണാപത്രമായിരുന്നു അന്ന് ഒപ്പിട്ടത്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അന്ന് ആഗോള നിക്ഷേസംഗമത്തിൽ ഒപ്പിട്ടത്. ഇതിൽ ഏറ്റവും വലിയ പ്രോജക്ട് കിറ്റെക്‌സിന്റേതായിരുന്നു.

അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് ഉൾപ്പെടെ പല വകുപ്പുകളുടെയും പരിശോധനകൾ നടന്നിരുന്നു. ഒരു മാസത്തിനിടയിൽ 11 പരിശോധനകൾ നടന്നു എന്നാണ് കിറ്റെക്‌സിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണിതെന്നും കിറ്റെക്‌സ് ആരോപിച്ചിരുന്നു.

സർക്കാരിന്റെ ഈ സമീപനം മൂലം വികസനപദ്ധതികളുമായി കമ്പനി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് പറയുന്നു. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വച്ചാണ് കിറ്റെക്‌സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരൽ പാർക്ക്, മൂന്ന് മറ്റു വ്യവസായ പാർക്കുകൾ എന്നിവ സംസ്ഥാനത്ത് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തിൽ ഉണ്ടായിരുന്നത്.

പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. 20,000 ഓളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാൽ ഇപ്പോൾ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്‌സ് പറയുന്നു. ഇനി പരീക്ഷണം നടത്താൻ സാധിക്കാത്തതിനാൽ പദ്ധതികളിൽനിന്ന് പിന്നോട്ടു പോകുകയാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.