- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്സ് ജീവനക്കാരിയുടേതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു; ആരോഗ്യ-തൊഴിൽ വകുപ്പുകളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തി; കിറ്റെക്സിലെ പരിശോധന പരമ്പരയുടെ ഗൂഢാലോചനക്ക് പിന്നിൽ പിവി ശ്രീനിജൻ എംഎൽഎ; തെളിവുകളുമായി സാബു എം ജേക്കബ്
കൊച്ചി: ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകൾ 11 തവണ കിറ്റെക്സിൽ പരിശോധന നടത്തിയതിന് പിന്നിൽ കുന്നത്ത്നാട് എംഎൽഎ പി വി ശ്രീനിജനാണെന്ന് ആരോപിച്ച് എംഡി സാബു.എം.ജേക്കബ്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്ത് വിട്ടു.
ആരോഗ്യ വകുപ്പ് പരിശോധനയ്ക്കും തൊഴിൽ വകുപ്പ് പരിശോധനയ്ക്കും ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് സ്ഥലം എംഎൽഎയാണ് എന്നതിന്റെ തെളിവുകളാണ് സാബു ജേക്കബ് പുറത്തുവിട്ടത്. മലയിടംതുരുത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മെയ് 10 ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ച റിപ്പോർട്ടിലാണ് എംഎൽഎ ശ്രീനിജൻ അയച്ചുതന്ന വോയ്സ് ക്ലിപ്പ് പ്രകാരമാണ് കിറ്റെക്സിൽ പരിശോധന നടത്തിയതെന്ന് വ്യക്തമാക്കുന്നത്.
തൊഴിൽ വകുപ്പ് കിറ്റെക്സിൽ ആദ്യ പരിശോധന നടത്തിയത് എംഎൽഎയുടെ നിർദ്ദേശാനുസരണമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറൽ മാനേജറുടെ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്. ഈ രണ്ട് റിപ്പോർട്ടിന്റെയും പകർപ്പുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ചെയർമാൻ സബ് ജഡ്ജി കിറ്റെക്സിൽ പരിശോധന നടത്തുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്ന് എംഎൽഎ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. ഹൈക്കോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജിയുടെ അന്വേഷണം എന്നുമായിരുന്നു എംഎൽഎ പറഞ്ഞത്.
കിറ്റെക്സിലെ ജീവനക്കാരിയുടെതായി വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചാണ് എംഎൽഎ ഈ പരാതികൾ എല്ലാം ഉണ്ടാക്കി സമ്മർദ്ദം ചെലുത്തിയത്. ഹൈക്കോടതിക്ക് പരാതി നൽകിയതും എംഎൽഎ തന്നെയാണ് എന്ന് വ്യക്തമാവുന്നതാണ് ഈ സംഭവങ്ങളെന്ന് സാബു ജേക്കബ് ആരോപിച്ചു. ഇതിൽ പല ഉദ്യോഗസ്ഥരെയും പല തവണ ഫോണിൽ വിളിച്ച് കിറ്റെക്സിനെതിരെ റിപ്പോർട്ട് കൊടുക്കണമെന്ന് എംഎൽഎ തന്നെ സമ്മർദ്ദം ചെലുത്തി. മുൻ കോൺഗ്രസുകാരനായ സിപിഎം, എംഎൽഎ ജില്ലയിലെ മറ്റ് നാല് കോൺഗ്രസ് എംഎൽഎമാരെ കൂടി ഈ നീക്കത്തിനായി കൂട്ടു പിടിച്ചുവെന്നത് പകൽ പോലെ വ്യക്തമാണെന്നും സാബു ജേക്കബ് പറഞ്ഞു.
എന്നാൽ ഫാക്ടറികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉത്തരവാദപ്പെട്ട ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിന്റെ അന്വേഷണ റിപ്പോർട്ടിൽ ഒരു നിയമലംഘനവും കിറ്റെക്സിൽ നടക്കുന്നില്ല എന്നും സൂചിപ്പിക്കുന്നതായും വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മലിനീകരണ നിയന്ത്രബോർഡിന്റെ പരിശോധന റിപ്പോർട്ടിലും എല്ലാം നിയമപരമായാണ് കിറ്റെക്സിൽ നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. എല്ലാം കൂട്ടിവായിക്കുമ്പോൾ കിറ്റെക്സിനെ അടച്ചുപൂട്ടിക്കുകയെന്നത് കുന്നത്ത്നാട് എംഎൽഎ അടക്കം അഞ്ച് എംഎൽഎമാരുടെ ആസൂത്രിത നീക്കമായിരുന്നുവെന്ന് വ്യക്തമാണെന്നും എംഡി പറഞ്ഞു.
തൊഴിൽ, ആരോഗ്യം, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, പൊലീസ് എന്നീ വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ലീഗൽ അഥോറിറ്റി, തഹസിൽദാർ എന്നിവരുടെയും നേതൃത്വത്തിലാണ് ഒരു മാസത്തിനുള്ളിൽ വിവിധ തീയതികളിലായി 11 പരിശോധന പരമ്പര കിറ്റെക്സിൽ അരങ്ങേറിയത്.
ഇതിൽ തൊഴിൽ വകുപ്പ് തന്നെ 4 തവണയും ആരോഗ്യ വകുപ്പ് രണ്ട് തവണയും പരിശോധന നടത്തി. നിയമ വിരുദ്ധമായ പരിശോധന പീഡനത്തിൽ മനംമടുത്താണ് അസെന്റിൽ കരാറിലേർപ്പെട്ട കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്സ് പിന്മാറിയത്. ഇതിൽ 1000 കോടിയുടെ നിക്ഷേപം ആദ്യഘട്ടമായി തെലങ്കാനയിൽ നടത്താൻ ധാരണയിലെത്തിയതെന്നും കിറ്റക്സ് ചെയർമാൻ കൂടിയായ സാബു ജേക്കബ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ