- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കിറ്റെക്സ് കേരളം വിട്ടത് ഞങ്ങളുടെ കത്ത് കാരണമല്ല; നിവേദനത്തിൽ കിറ്റെക്സ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല'; നിക്ഷേപം നടത്താൻ അന്തരീക്ഷമില്ലെന്ന് പറഞ്ഞ് വ്യവസായി കേരളം വിടുന്നെങ്കിൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്; വിഷയത്തിൽ ഉത്തരം പറയേണ്ടത് പിണറായി വിജയനെന്നും മാത്യു കുഴൽനാടൻ
കൊച്ചി: കിറ്റെക്സ് കേരളം വിടുന്നതിൽ പിന്നിൽ കോൺഗ്രസ് എംഎൽഎമാരൊപ്പിട്ട കത്തിന് ഒരു പങ്കുമില്ലെന്ന് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ. താനടക്കമുള്ളവർ നിയമസഭയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരിലാണ് കിറ്റെക്സ് കേരളത്തിലെ നിക്ഷേപം ഉപേക്ഷിക്കുന്നതെന്നു പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും അത്തരത്തിൽ ഒരു കത്ത് കാരണമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായതെന്ന വാദം തെറ്റാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പൊതുജനങ്ങൾക്കിടയിൽ നിന്ന് ഒരു ആക്ഷേപം ഉണ്ടായതന്റെ പേരിൽ ഈ നാട്ടിലെ എംഎൽഎമാരും എംപിമാരുമായ ഞങ്ങൾ ഒരു നിവേദനം കൊടുത്താൽ അതിന്റെ അർഥം അപ്പോൾ തന്നെ കിറ്റെക്സ് അവിടെനിന്ന് പോകണമെന്നല്ലല്ലോ. അപ്പോൾ അതല്ല കാരണമെന്നിരിക്കെ അതെല്ലാം കോൺഗ്രസിന്റെ ചുമലിൽ ചാരാനും പോകുന്ന പോക്കിൽ ഒന്നും കോൺഗ്രസിന്റെ തലയിൽവെക്കാനും ശ്രമിക്കരുത്.
കേരളത്തിൽ നടത്താനിരുന്ന ഒരു നിക്ഷേപം കേരളത്തിൽ നടത്താനുള്ള അന്തരീക്ഷമില്ലെന്ന് പറഞ്ഞ് ഒരു വ്യവസായി കേരളം വിടുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കാണെന്നും ഈ വിഷയത്തിൽ പിണറായി വിജയനാണ് ഉത്തരം പറയേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞങ്ങൾ നാലുപേര് ചേർന്ന് ഒരു പേപ്പറിൽ എഴുതിയതിന്റെ പേരിലാണ് 3500 കോടിയുടെ നിക്ഷേപമുപേക്ഷിച്ചതെന്ന് അത് അംഗീകരിക്കാനാവില്ല. ഇവിടുത്തെ പ്രതിപക്ഷമെന്താണെന്നും, പ്രതിപക്ഷം ഒരു കത്തുകൊടുത്താൽ ഭരണപക്ഷം അതെങ്ങനെ കൈകാര്യം ചെയ്യുമെന്നും, പ്രത്യേകിച്ച് പിണറായി വിജയൻ എന്നൊരാൾ മുഖ്യമന്ത്രിയിരിക്കുമ്പോൾ ഒരു കത്തിന്റെ പേരിൽ എന്തുമാത്രം നടക്കുമെന്നും ഞങ്ങളേക്കാൾ നന്നായി സാബു ജേക്കബിനറിയാം. പിന്നെ എന്തിനാണ് ഈ വിഷയത്തിൽ കോൺഗ്രസിനെ പ്രതികൂട്ടിൽ നിർത്തുന്നതെന്നും മാത്യു കുഴൽനാടൻ ചാനൽ ചർച്ചയിൽ ചോദിച്ചു.
താനടക്കം ഒപ്പിട്ട നിവേദനത്തിൽ കിറ്റെക്സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും കിറ്റെക്സിന് അനുകൂലമായാണ് കോൺഗ്രസ് സംസാരിച്ചിരുന്നതെങ്കിൽ കോൺഗ്രസിനെ കിറ്റെക്സ് വിലക്ക് വാങ്ങിയെന്ന് മാധ്യമങ്ങളടക്കം പറയുമായിരുന്നെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
അതേസമയം, കിറ്റെക്സിന്റെ നിയമലംഘനങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് ജൂൺ രണ്ടിനാണ് തൃക്കാക്കര എംഎൽഎ പി.ടി തോമസ്, എറണാകുളം എംഎൽഎ ടി.ജെ വിനോദ്, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ എന്നിവർ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.
കത്തിൽ പറഞ്ഞ നിയമലംഘനങ്ങൾ ചുവടെ:
പ്രതിദിന മലിനജല ഉൽപ്പാദനം കുറയ്ക്കണമെന്ന നിർദ്ദേശം കമ്പനി പാലിക്കണം.
ജല ഉപഭോഗം, മലിനജല ഉൽപ്പാദനം ഇവ കൃത്യമായി അറിയുവാനുള്ള വാട്ടർ മീറ്റർ സ്ഥാപിക്കണം.
ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവർത്തിക്കുന്നു എന്നറിയാൻ ഠഛഉ ടൈപ്പിലുള്ള എനർജി മീറ്റർ സ്ഥാപിക്കണം.
കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങൾക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരന്തരമായ ഇടപെടൽ ഉണ്ടായിട്ടുപോലും കടമ്പ്രയാർ കർമ്മ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് വേഗത പോരാ. മറ്റ് 20 നദീ പുനരുജ്ജീവന കർമ്മ പദ്ധതിയോടൊപ്പം ഒരു കർമ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാറിനും നൽകുന്നുള്ളൂ. കടമ്പ്രയാർ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ട്.
ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നൽകിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയത്. നാളിത് വരെയും അത് പ്രവർത്തനസജ്ജമാക്കാത്തതിനാൽ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവർ തന്നെ ഉറപ്പ് നൽകിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതാണ്.
ന്യൂസ് ഡെസ്ക്